സിമന്റ് വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ അദാനിയും മകനും, പ്രതിരോധിക്കാന്‍ ബിര്‍ള ഗ്രൂപ്പ്

കഴിഞ്ഞ ആഴ്ചയാണ് അദാനി ഗ്രൂപ്പിന്റെ അംബുജ സിമന്റ്, എസിസി എന്നിവയുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയായത്. ഈ ഏറ്റെടുക്കലുകള്‍ക്ക് നേതൃത്വം നല്‍കിയ ഗൗതം അദാനിയുടെ മകനും അദാനി പോര്‍ട്ടിന്റെ സിഇഒയുമായ കരണ്‍ അദാനിക്കാണ് സിമന്റ് കമ്പനികളുടെ ചുമതല. 2030ഓടെ രാജ്യത്തെ ഏറ്റവും വലിയ സിമന്റ് നിര്‍മാതാക്കളാവുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം.

സ്വിസ് കമ്പനി ഹോല്‍കിംസില്‍ (Holcim) നിന്ന് അംബുജാ സിമന്റിന്റെ 63.11 ശതമാനം ഓഹരികളാണ് അദാനി ഏറ്റെടുത്തത്. എസിസിയില്‍ അംബുജ സിമന്റിന് 50.05 ശതമാനം ഓഹരികളാണ് ഉള്ളത്. എസിസിയില്‍ ഹോല്‍കിംസിനുണ്ടായിരുന്ന 4.48 ശതമാനം ഓഹരികളും അദാനി സ്വന്തമാക്കിയിരുന്നു. ഓഹരി വിഹിതം ഉയര്‍ത്താന്‍ അംബുജാ സിമന്റില്‍ 20,000 കോടി രൂപ നിക്ഷേപിക്കുമെന്നും അദാനി പ്രഖ്യാപിച്ചിട്ടുണ്ട്.

അംബുജ, എസിസി എന്നീ കമ്പനികള്‍ ചേര്‍ന്ന് പ്രതിവര്‍ഷം 67.5 മെട്രിക് ടണ്‍ സിമന്റ് ആണ് ഉല്‍പ്പാദിപ്പിക്കുന്നത്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ സിമന്റ് നിര്‍മാതാക്കളായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക്കിന്റെ ഉല്‍പ്പാദന ശേഷി 120 മെട്രിക് ടണ്‍ ആണ്. 2027 ഓടെ ഉല്‍പ്പാദന ശേഷി 160 മെട്രിക് ടണ്‍ ആയി ഉയര്‍ത്താന്‍ 13,000 കോടി രൂപയാണ് ബിര്‍ള നിക്ഷേപിക്കുന്നത്. ശ്രീ സിമന്റ് (Shree Cement), ദാല്‍മിയ ഭാരത് (Dalmia Bharat) എന്നിവയാണ് രാജ്യത്തെ മറ്റ് പ്രമുഖ ബ്രാന്‍ഡുകള്‍.

അദാനി ഉയര്‍ത്താന്‍ ഇടയുള്ള മത്സരം മറികടക്കാന്‍ ചെറിയ കമ്പനികളെ ഏറ്റെടുത്തുകൊണ്ട് വിപണി വിഹിതം ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ബിര്‍ള അടക്കമുള്ള ഗ്രൂപ്പുകള്‍. 2018ല്‍ ബിനാനി (Binani), സെഞ്ച്വറി (Century) എന്നീ സിമന്റ് കമ്പനികളെ ബിര്‍ള ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ചെറുതും വലുതുമായി രാജ്യത്ത് 150ല്‍ അധികം സിമന്റ് കമ്പനികളാണ് ഉള്ളത്. അതില്‍ 41 എണ്ണവും ലിസ്റ്റ് ചെയ്തവയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it