

ഇന്ത്യയിലെ സിമന്റ് വ്യവസായം അദാനി ഗ്രൂപ്പും ആദിത്യ ബിർള ഗ്രൂപ്പിന്റെ അൾട്രാടെക് സിമന്റും തമ്മിലുള്ള തീവ്രമായ വിപണി വിഹിതത്തിനായുള്ള മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇരു കൂട്ടരും തങ്ങളുടെ ഉൽപ്പാദന ശേഷി കൂട്ടാനുളള ലക്ഷ്യങ്ങൾ വർദ്ധിപ്പിച്ചതോടെ ഈ മത്സരം കൂടുതൽ തീവ്രമായി.
സിമന്റ് രംഗത്ത് മൂന്ന് വർഷം മുൻപ് അംബുജ സിമന്റ്‌സും എ.സി.സിയും ഏറ്റെടുത്ത് രണ്ടാം സ്ഥാനത്തെത്തിയ ഗൗതം അദാനി, തങ്ങളുടെ വിപുലീകരണ ലക്ഷ്യങ്ങൾ വർദ്ധിപ്പിച്ചു. നിലവിൽ 107 മില്യൺ ടൺ പ്രതിവർഷം (mtpa) ഉൽപാദന ശേഷിയുള്ള അദാനി ഗ്രൂപ്പ്, 2028 സാമ്പത്തിക വർഷത്തോടെ ഇത് 155 mtpa ആയി ഉയർത്താൻ ലക്ഷ്യമിടുന്നു. 2022-ൽ ഏറ്റെടുത്തതിന് ശേഷം ബിസിനസ് വലുപ്പം ഇരട്ടിയാക്കുന്ന പദ്ധതികളിലാണ് ഗ്രൂപ്പ്. ഈ അധിക ശേഷി പ്രധാനമായും കുറഞ്ഞ ചെലവിൽ നിലവിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടുള്ള 'ഡീബോട്ടിൽനെക്കിംഗ്' (debottlenecking) വഴിയാണ് കൈവരിക്കാൻ ഉദ്ദേശിക്കുന്നത്.
സാങ്ഹി ഇൻഡസ്ട്രീസ്, പെന സിമന്റ്, ഓറിയന്റ് സിമന്റ് തുടങ്ങിയ ചെറുകിട സിമന്റ് നിർമ്മാതാക്കളെ ഏറ്റെടുത്തും അദാനി തങ്ങളുടെ വിപണി വിഹിതം വർദ്ധിപ്പിക്കുന്നുണ്ട്. 2028 സാമ്പത്തിക വർഷത്തോടെ നിലവിലെ 16.6 ശതമാനത്തിൽ നിന്ന് 22 ശതമാനം വിപണി വിഹിതം നേടാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.
അംബുജ സിമന്റ്‌സിന്റെ കീഴിലുള്ള അദാനിയുടെ സിമന്റ് ബിസിനസിന്റെ ലാഭത്തില്‍ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്. സെപ്റ്റംബർ പാദത്തിൽ നികുതി കഴിഞ്ഞുള്ള ലാഭം ഇരട്ടിയിലധികമായി വർധിച്ച് 1,387.55 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 500.66 കോടി രൂപയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാക്കളായ അൾട്രാടെക് സിമന്റ് ലിമിറ്റഡും വിപുലീകരണത്തിൽ പിന്നിലല്ല. 167 mtpa ശേഷിയുള്ള കുമാർ മംഗലം ബിർള നേതൃത്വത്തിലുളള കമ്പനി, 2028 സാമ്പത്തിക വര്‍ഷത്തോടെ തങ്ങളുടെ ഉൽപ്പാദന ശേഷി 240 mtpa ആയി ഉയർത്താൻ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി 2026 സാമ്പത്തിക വർഷാവസാനത്തോടെ 200 mtpa എന്ന നാഴികക്കല്ലാണ് കമ്പനി ലക്ഷ്യമിടുന്നത്.
അദാനിയുടെ വിപണിയിലേക്കുളള രംഗപ്രവേശത്തിനുശേഷം, അൾട്രാടെക് 51 mtpa ശേഷി കൂട്ടിച്ചേർത്തു. ഇന്ത്യ സിമന്റ്‌സ്, കേസോറാം ഇൻഡസ്ട്രീസ് തുടങ്ങിയവയുടെ ഏറ്റെടുക്കലിലൂടെയും ആഭ്യന്തര വിപുലീകരണത്തിലൂടെയുമാണ് ഇത് സാധ്യമാക്കിയത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ രണ്ട് എതിരാളികളും കൂടി ചെറുകിട കമ്പനികളെ ഏറ്റെടുത്തും പുതിയ പ്ലാന്റുകൾ സ്ഥാപിച്ചും 90 mtpa സിമന്റ് നിർമ്മാണ ശേഷിയാണ് കൂട്ടിച്ചേർത്തത്. ഈ രണ്ട് കമ്പനികളുടെ മാത്രം വിപുലീകരണ വേഗത തുടരുകയാണെങ്കിൽ, ഇന്ത്യയുടെ മൊത്തം 688 mtpa ഉൽപ്പാദന ശേഷിയുടെ പകുതിയിലധികം ഇവരുടെ കൈകളിലേക്ക് ഒതുങ്ങാനാണ് സാധ്യത.
Adani and UltraTech Cement intensify competition in India’s cement sector with aggressive capacity expansion plans.
Read DhanamOnline in English
Subscribe to Dhanam Magazine