

കണക്കുകളില്‍ ക്രമക്കേടുകളുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഡിറ്റിംഗ് സ്ഥാപനമായ എസ്.ആര്‍ ബാറ്റ്‌ലിബോയ്‌ക്കെതിരെ (S.R. Batliboi) അന്വേഷണം ആരംഭിച്ച് ഇന്ത്യയുടെ അക്കൗണ്ടിംഗ് റെഗുലേറ്ററായ നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി (NFRA). അദാനി ഗ്രൂപ്പിന്റെ അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി വില്‍മര്‍, അടുത്തിടെ ഏറ്റെടുത്ത സിമന്റ് കമ്പനികളായ എ.സി.സി, അംബുജ സിമന്റ്‌സ് എന്നീ അഞ്ച് സ്ഥാപനങ്ങളെ ഓഡിറ്റ് ചെയ്യുന്ന കമ്പനിയാണ് ഇ.വൈയുടെ (EY) അംഗത്വ സ്ഥാപനങ്ങളിലൊന്നായ എസ്.ആര്‍. ബാറ്റ്‌ലിബോയ്.
അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ 2014 മുതലുള്ള ഓഡിറ്റുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും എന്‍.എഫ്.ആര്‍.എ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ബാധകമായ എല്ലാ നിയന്ത്രണങ്ങളും നിയമങ്ങളും അക്കൗണ്ടിംഗ് മാനദണ്ഡങ്ങളും പാലിച്ചാണ് അദാനി ഗ്രൂപ്പും അതിന്റെ ബിസിനസ്സുകളും പ്രവര്‍ത്തിക്കുന്നതെന്ന് ഗ്രൂപ്പ് അറിയിച്ചു.
രാജിവച്ച് ഈ സ്ഥാപനങ്ങളും
അദാനി ഗ്രൂപ്പിന് എതിരായി യു.എസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ സൃഷിടിച്ചിരുന്നു. വഞ്ചന, അഴിമതി, ഓഹരിയില്‍ കൃത്രിമം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചതു മുതല്‍ അദാനി ഗ്രൂപ്പ് സമ്മര്‍ദ്ദത്തിലായിരുന്നു.ഇതിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഗ്രൂപ്പിന്റെ ചില ഇടപാടുകളെ കുറിച്ച് കഴിഞ്ഞ മേയില്‍ ഓഡിറ്റിംഗ് സ്ഥാപനമായ ഡെലോയിറ്റ് എന്ന സ്ഥാപനം ചില ക്രമകേടുകള്‍ കണ്ടെത്തിയിരുന്നു.
അഹമ്മദാബാദ് ആസ്ഥാനമായുള്ള ഓഡിറ്റിംഗ് സ്ഥാപനമായ ഷാ ദന്ധാരിയ ആന്‍ഡ് കമ്പനി ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പേരുള്ള അദാനി ടോട്ടല്‍ ഗ്യാസിന്റെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ സ്ഥാനം ഇതേ മാസം രാജിവച്ചിരുന്നു. പിന്നാലെ ഓഗസ്റ്റില്‍ ഡെലോയിറ്റും അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ (APSEZ) സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് രാജിവച്ചിരുന്നു.
ഇടിവില്‍ അദാനി ഓഹരികള്‍
ഇന്ന് (11:30) എന്‍.എസ്.ഇയില്‍ അദാനി പവറിന്റെ ഓഹരികള്‍ 5.23% ഇടിഞ്ഞ് 296 രൂപയില്‍ വ്യാപാരം നടത്തുന്നു.അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ 5.26% ഇടിഞ്ഞ് 830 രൂപയിലും, അദാനി വില്‍മറിന്റെ ഓഹരികള്‍ 2.81% ഇടിഞ്ഞ് 311 രൂപയിലും, എ.സി.സിയുടെ ഓഹരികള്‍ 0.51% ഇടിഞ്ഞ് 1,882 രൂപയിലും, അംബുജ സിമന്റ്‌സിന്റെ ഓഹരികള്‍ 2.34% ഇടിഞ്ഞ് 408 രൂപയിലും വ്യാപാരം നടത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine