

ഓണ്‍ലൈന്‍ ട്രെയിന്‍ ബുക്കിംഗ്, ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്‌ഫോമായ 'ട്രെയിന്‍മാന്‍' (Trainman) സ്വന്തമാക്കാന്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് (എ.ഇ.എല്‍). ട്രെയിന്‍മാന്‍ എന്നറിയപ്പെടുന്ന സ്റ്റാര്‍ക്ക് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (SEPL) 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എ.ഇ.എല്ലിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി ഡിജിറ്റല്‍ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കരാറില്‍ ഒപ്പുവച്ചു.
തിരിച്ചുവരവ്
അദാനി ഗ്രൂപ്പിന്റെ ഓഹരി വില വര്‍ധിപ്പിക്കാന്‍ വ്യാപകമായ കൃത്രിമങ്ങളും ക്രമക്കേടുകളും നടത്തിയെന്ന് ആരോപിച്ച് യു.എസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ജനുവരി 24-നാണ് ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചെങ്കിലും ഇതേ തുടര്‍ന്ന് ക്ഷീണത്തിലായിരുന്ന ഗ്രൂപ്പിന്റെ തിരിച്ചുവരവിനെയാണ് ഇത്തരം ഏറ്റെടുക്കലുകള്‍ അടയാളപ്പെടുത്തുന്നത്.
ടിക്കറ്റ് ബുക്കിംഗ് സ്റ്റാര്‍ട്ടപ്പ്
ഐ.ഐ.ടി റൂര്‍ക്കി ബിരുദധാരികളായ വിനീത് ചിരാനിയയും കരണ്‍ കുമാറും ചേര്‍ന്ന് സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സ്റ്റാര്‍ട്ടപ്പാണ് സ്റ്റാര്‍ക്ക് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്. ഗുഡ്വാട്ടര്‍ ക്യാപിറ്റല്‍, ഹെം ഏഞ്ചല്‍സ് എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം യു.എസ് നിക്ഷേപകരില്‍ നിന്ന് കമ്പനി അടുത്തിടെ 10 ലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine