വിവാദങ്ങളിലും ലാഭം ഇരട്ടിയാക്കി അദാനി എന്റര്‍പ്രൈസസ്; വരുമാനം 26 ശതമാനം വര്‍ധിച്ചു
ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റര്‍പ്രൈസസിന്റെ ലാഭം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇരട്ടിയായി. 722.78 കോടി രൂപയാണ് ലാഭം രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ വരുമാനം 26 ശതമാനം വര്‍ധിച്ച് 31,346.05 കോടി രൂപയുമായി. കമ്പനിയുടെ പ്രവര്‍ത്തന വരുമാനവും ഇരട്ടിയിലധികം വര്‍ധിച്ച് 3957 കോടി രൂപയായി.
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടും പിന്നാലെയുള്ള വിവാദങ്ങളും ഹ്രസ്വ കാലയളവില്‍ അദാനി എന്റര്‍പ്രൈസസിന്റെ ബിസിനസിനെ കാര്യമായി ബാധിച്ചില്ലെന്നു വെളിപ്പെടുത്തുന്നതാണ് പുതിയ സാമ്പത്തിക റിപ്പോര്‍ട്ട്. വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കാനുള്ള ശേഷിയും പ്രവര്‍ത്തന ക്ഷമതയുമാണ് കമ്പനിയെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് പ്രാപ്തമാക്കുന്നതെന്ന് പാദഫല പ്രഖ്യാപനവേളയില്‍ ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.
വാര്‍ഷിക ലാഭത്തില്‍ മൂന്നു മടങ്ങ് വര്‍ധന
2023 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ സംയോജിത ലാഭം മൂന്നു മടങ്ങ് ഉയര്‍ന്ന് 2,472.94 കോടി രൂപയും വരുമാനം 97 ശതമാനം വര്‍ധിച്ച് 1.37 ലക്ഷം കോടി രൂപയുമായി. എല്ലാ ബിസിനസിനസ് രംഗത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതോടെ പ്രവര്‍ത്തന ലാഭവും ഇരട്ടി വളര്‍ച്ചയോടെ 10,025 കോടി രൂപയായി.
മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് അദാനി എന്റര്‍പ്രൈസസിന്റെ മൊത്തം കടം 38,320 കോടി രൂപയാണ്.
ഉപകമ്പനികളും മികച്ച പ്രകടനം
അദാനി എയര്‍പോര്‍ട്‌സ് ഹോള്‍ഡിംഗ്‌സ് മാര്‍ച്ച് പാദത്തില്‍ 2.14 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 74 ശതമാനത്തിന്റെ വര്‍ധന. ഇക്കാലയളില്‍ 1.8 ലക്ഷം ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്തു. 14 ശതമാനമാണ് കാര്‍ഗോയിലെ വളര്‍ച്ച. എയര്‍പോര്‍ട്ട് ബിസിനസ് 38 ശതമാനം വളര്‍ച്ചയോടെ 1,657 കോടി രൂപ വരുമാനം നേടി.
അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡി(ANIL) ന്റെ വരുമാനം മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 31 ശതമാനം വര്‍ധനയോടെ 908 കോടി രൂപയും പ്രവര്‍ത്തന ലാഭം 23 ശതമാനം വര്‍ധിച്ച് 89 കോടി രൂപയുമായി.
മൈനിംഗ് ബിസിനസില്‍ നിന്നുള്ള വരുമാനം 18 ശതമാനം വളര്‍ച്ചയോടെ 803 കോടി രൂപയും പ്രവര്‍ത്തന ലാഭം എട്ട് ശതമാനം വര്‍ധനയോടെ 311 കോടി രൂപയുമായി.
മൈനിംഗ് ബിസിനസില്‍ 50 ശതമാനത്തോളം പങ്കാളിത്തം കമ്പനിക്കുണ്ട്. 2022 ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഓസ്‌ട്രേലിയയിലെ കാര്‍മിച്ചേല്‍ മൈന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4872 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്.
വ്യാപാരത്തിന്റെ മുന്തിയപങ്കും ചാഞ്ചാട്ടത്തിലായിരുന്ന കമ്പനിയുടെ ഓഹരികള്‍, പ്രവര്‍ത്തനഫലം പുറത്തുവന്ന ശേഷം അവസാന മണിക്കൂറിലാണ് നേട്ടത്തിലേക്ക് കയറിയത്. വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരി വില 3.93 ശതമാനം വര്‍ധിച്ച് 1,911.25 രൂപയിലെത്തി.