പണത്തിന് ആവശ്യം, ₹50,000 കോടി മൂല്യമുള്ള ഗ്രൂപ്പ് കമ്പനി വില്‍ക്കാന്‍ അദാനി

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് മൂലധനം സ്വരൂപിക്കുന്നതിനായി വില്‍മര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി ചേര്‍ന്ന് മുംബൈയില്‍ ലിസ്റ്റുചെയ്തിരിക്കുന്ന സംയുക്ത സംരംഭമായ അദാനി വില്‍മറിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ആലോചിക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.

44% നിക്ഷേപം വിറ്റഴിച്ചേക്കും

അദാനി വില്‍മര്‍ ലിമിറ്റഡിലെ 44% നിക്ഷേപം വില്‍ക്കാനാണ് സാധ്യത. നിലവിലെ ഓഹരി വിലയില്‍ അദാനിയുടെ ഓഹരികളുടെ വിപണി മൂല്യം ഏകദേശം 22,150 കോടി രൂപയാണ്. നിലവില്‍ അദാനി വില്‍മര്‍ ലിമിറ്റഡ് കമ്പനിയുടെ വിപണിമൂല്യം ഏകദേശം 50,000 കോടി രൂപയാണ്. അദാനി വിൽമറിൽ നിന്നു പിന്മാറിയാലും ചെറിയൊരു ഓഹരിപങ്കാളിത്തം ഗൗതം അദാനി സ്വന്തനിലയിൽ തുടർന്നേക്കും എന്നാണു റിപ്പോർട്ട്.

വില്‍മറിന് ക്ഷീണം

2022-ല്‍ നടന്ന പ്രാരംഭ ഓഹരി വില്‍പ്പനയില്‍ അദാനി വില്‍മര്‍ ഏകദേശം 3,600 കോടി രൂപ സമാഹരിച്ചിരുന്നു. എന്നാല്‍ അദാനി വില്‍മറിന്റെ ഓഹരികള്‍ ഈ വര്‍ഷം ഏകദേശം 36% ഇടിഞ്ഞിരുന്നു. യു.എസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ അദാനി കമ്പനികള്‍ക്ക് വിപണി മൂല്യത്തില്‍ കനത്ത നഷ്ടമുണ്ടായിയുന്നു.വേഗത്തില്‍ വിറ്റഴിയുന്ന നിത്യോപയോഗ സാധനങ്ങളുടെ കമ്പനിയാണ് അദാനി വില്‍മര്‍. ഐ.ടി.സി ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് എന്നിവയാണ് അദാനി വില്‍മറിന്റെ പ്രധാന എതിരാളികള്‍.

2022-23 സാമ്പത്തിക വര്‍ഷം അദാനി വില്‍മര്‍ 58,185 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ അറ്റാദായം 582 കോടി രൂപയും. ജൂണ്‍ പാദത്തില്‍ കമ്പനി 79 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നു.റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ 4.28% ഇടിഞ്ഞ് 376.20 രൂപയില്‍ (11:10 am) അദാനി വില്‍മര്‍ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it