അദാനി ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക്
ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (എ.എ.എച്ച്.എല്‍) ട്രാവല്‍ ഫുഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡുമായി (ടി.എഫ്.എസ്) ചേര്‍ന്ന് ടാബെമോണോ ട്രൂ അരോമാസ് പ്രൈവറ്റ് ലിമിറ്റഡ് (Tabemono True Aromas Private Limited) എന്ന സംയുക്ത സംരംഭം രൂപീകരിച്ചു. ടാബെമോണോ എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ ഭക്ഷണമെന്നാണ് അര്‍ത്ഥം.
അതിവേഗം വളരുന്ന മേഖല
കോവിഡിന് ശേഷം അതിവേഗ വളര്‍ച്ച കൈവരിക്കുന്ന ഒരു മേഖലയാണ് ഹോസ്പിറ്റാലിറ്റി.നിലവില്‍ ടാബെമോണോ ട്രൂ അരോമാസ് പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഒന്നും ആരംഭിച്ചിട്ടില്ല. വിവിധയിടങ്ങളില്‍ വൈവിധ്യമാര്‍ന്ന ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അദാനി ഗ്രൂപ്പിന് നിലവില്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പായ അദാനി വണ്‍ ഉണ്ട്. കൂടാതെ ക്ലിയര്‍ട്രിപ്പില്‍ കമ്പനിക്ക് ഓഹരി പങ്കാളിത്തമുണ്ട്.
ഡിജിറ്റല്‍ സൊല്യൂഷനുകള്‍ക്കായി
ടി.ടി.എ.പി.എല്‍ കൂടാതെ 'സിറിയസ് ഡിജിടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്' എന്ന ഒരു അനുബന്ധ സ്ഥാപനവും അദാനി എന്റര്‍പ്രൈസസ് ആരംഭിച്ചു.ഡിജിറ്റല്‍ സൊല്യൂഷനുകളും സേവനങ്ങളും നല്‍കുന്ന് കമ്പനിയാണിത്. അതേസമയം അദാനി പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനമായ കെംപാസ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസിലെ ഓഹരി 67.65 ശതമാനത്തില്‍ നിന്ന് 69.87 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗ് അറിയിച്ചു.