'ഡ്യുവോപൊളിക്ക്' തടയിടുമോ, ഗുജറാത്തില്‍ 5ജി സേവനങ്ങള്‍ നല്‍കാന്‍ അദാനിക്കും അനുമതി

നീക്കം എന്റര്‍പ്രൈസ് 5ജി രംഗത്തെ മത്സരം ഉയര്‍ത്തുമെന്നും ഭാവിയില്‍ ടെലികോം സേവനങ്ങള്‍ വ്യാപകമായി നല്‍കാനുള്ള അവസരമാണ് അദാനി ഗ്രൂപ്പ്‌ തുറക്കുന്നതെന്നുമാണ് വിലയിരുത്തല്‍
'ഡ്യുവോപൊളിക്ക്' തടയിടുമോ, ഗുജറാത്തില്‍ 5ജി സേവനങ്ങള്‍ നല്‍കാന്‍ അദാനിക്കും അനുമതി
Published on

ഗുജറാത്ത് പരിധിയില്‍ ടെലികോം സേവനങ്ങള്‍ നല്‍കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ അനുമതി (Unified License) നേടി അദാനി(Adani Group). ജൂണ്‍ 28ന് ആണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഡാറ്റ നെറ്റ്‌വര്‍ക്ക്‌സ് ലിമിറ്റഡിന് വകുപ്പിന്റെ അനുമതി ലഭിച്ചത്. സ്‌പെക്ട്രം ലഭ്യമായാല്‍ അദാനി ഗ്രൂപ്പിന് ഗുജറാത്തില്‍ കോളിംഗ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും.

അതേ സമയം ഉപഭോക്തൃ മൊബിലിറ്റി രംഗത്തേക്കില്ല (Consumer Mobility) എന്നും സ്വകാര്യ നെറ്റ്‌വര്‍ക്കിന് (Captive Private Network) വേണ്ടിയാണ് സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതെന്നും അദാനി ഗ്രൂപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആഗോള തലത്തില്‍ 5ജി സേവനങ്ങള്‍ നല്‍കുന്നത് 700 MHz (Coverage), 3.5 GHz (5G Coverage and Capacity) , 26 GHz (Capacity and Low Latency) ബാന്‍ഡുകളിലാണ്. സ്വകാര്യ നെറ്റ്‌വര്‍ക്ക് മാത്രം ലക്ഷ്യമിടുന്നതുകൊണ്ട് 3.5 GHz, 26 GHz എന്നീ സ്‌പെക്ട്രം ബാന്‍ഡുകള്‍ക്ക് വേണ്ടിയാവും അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കുക.

വ്യാവസായികമായുള്ള 5ജി (Enterprise 5G) ഉപയോഗം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും ഈ സമയത്ത് അദാനി ഗ്രൂപ്പ് 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതിന് പിന്നിലുള്ള യുക്തി മനസിലാകുന്നില്ല എന്നുമാണ് ക്രെഡിറ്റ് സ്വീസ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഉപഭോക്തൃ മൊബിലിറ്റി രംഗത്തേക്കുള്ള അദാനിയുടെ പ്രവേശന സാധ്യത ക്രെഡിറ്റ് സ്വീസ് തള്ളിക്കളയുന്നുമില്ല.

അദാനിയുടെ സാന്നിധ്യം എന്റര്‍പ്രൈസ് 5ജി രംഗത്തെ മത്സരം ഉയര്‍ത്തുമെന്നും ഭാവിയില്‍ ടെലികോം സേവനങ്ങള്‍ വ്യാപകമായി നല്‍കാനുള്ള അവസരമാണ് അദാനി തുറക്കുന്നതെന്നുമാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ വിലയിരുത്തല്‍. ടെലികോം കമ്പനികളുമായി നേരിട്ട് സ്‌പെക്ട്രം പങ്കിടല്‍ കരാറില്‍ എത്തുന്നതിന് പകരം ലേലത്തില്‍ പങ്കെടുക്കുന്നതിനെ അസാധാരണ നീക്കമായാണ് വിലയിരുത്തുന്നത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ ഉള്‍പ്പടെയുള്ളകമ്പനിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ സൈബര്‍ സുരക്ഷയും സേവനങ്ങളും ഉറപ്പാക്കാനാണ് സ്‌പെക്ട്രം ലേലത്തിന്റെ ഭാഗമാവുന്നത് എന്നാണ് അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിച്ചത്.

അദാനിയെ കൂടാതെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവരും അപേക്ഷ സമര്‍പ്പിച്ചു. നേരത്തെ 5ജി സ്‌പെക്ട്രം ലേലത്തില്‍ അദാനി പങ്കെടുക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ ജിയോയ്ക്കും എയര്‍ടെല്ലിനും എതിരാളിയായി അദാനി എത്തും എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

ജിയോയും എയര്‍ടെല്ലും വലിയ ശക്തികളായി തുടരുന്നതിനാല്‍ പൊതുവെ ഇന്ത്യന്‍ ടെലികോം സെക്ടറിനെ ഡുവോപൊളി എന്നാണ് വിശേഷിപ്പിക്കുന്നത് (രണ്ട് കമ്പനികള്‍ ഭൂരിഭാഗം ബിസിനസും കയ്യടക്കുന്ന രീതി). സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡാഫോണ്‍ ഐഡിയയ്ക്ക് ആണെങ്കില്‍ വലിയ മത്സരം കാഴ്ചവെക്കാന്‍ സാധിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ അദാനി ഗ്രൂപ്പിന്റെ പിന്തുണയുള്ള ഒരു കമ്പനി ഉപഭോക്തൃ മൊബിലിറ്റി രംഗത്തേക്ക് എത്തുന്നത് വിപണിക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാണ്.

20 വര്‍ഷത്തെ കാലാവധിയില്‍ 72 GHz സ്‌പെക്ടമാണ് കേന്ദ്രം ലേലത്തിലൂടെ നല്‍കുന്നത്. പ്രതിവര്‍ഷ ഇന്‍സ്റ്റാള്‍മെന്റായി 20 വര്‍ഷം കൊണ്ട് സ്‌പെക്ടത്തിന്റെ പണം നല്‍കാനുള്ള അവസരവും സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്. ജൂലൈ 26 മുതലാണ് ലേലം. നിലവില്‍ കരാറടിസ്ഥാനത്തില്‍ ടെലികോം കമ്പനികളില്‍ നിന്ന് സ്‌പെക്ട്രം വാങ്ങി നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ടെലികോം കമ്പനികളുടെ എതിര്‍പ്പ് മറികടന്നാണ് സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ക്കുള്ള അനുമതി ഇത്തവണ കേന്ദ്രം നല്‍കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com