അദാനി ഗ്രീന്‍ എനര്‍ജി ലാഭം മൂന്നിരട്ടി ഉയര്‍ന്ന് 507 കോടിയെത്തി
മാര്‍ച്ച് പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ (AGEL) സംയോജിത അറ്റാദായം മൂന്ന് മടങ്ങ് വര്‍ധിച്ച് 507 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 121 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. അവലോകന പാദത്തില്‍ അദാനി ഗ്രൂപ്പിന്റെ മൊത്തം വരുമാനം ഏകദേശം ഇരട്ടിച്ച് 2,988 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,587 കോടി രൂപയായിരുന്നു.
പുനരുല്‍പ്പാദന ശേഷി വര്‍ധിപ്പിച്ചു
കമ്പനിയുടെ ഊര്‍ജ വില്‍പ്പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 58 ശതമാനം ഉയര്‍ന്ന് 14,880 ദശലക്ഷം യൂണിറ്റിലെത്തി. രാജസ്ഥാനിലെ 2,140 മെഗാവാട്ട് സോളാര്‍-വിന്‍ഡ് ഹൈബ്രിഡ് പ്ലാന്റുകളും മധ്യപ്രദേശിലെ 325 മെഗാവാട്ട് വിന്‍ഡ് പവര്‍ പ്ലാന്റും രാജസ്ഥാനിലെ 212 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റും ഉള്‍പ്പെടുന്ന 2,676 മെഗാവാട്ട് പുനരുല്‍പ്പാദന ശേഷി അദാനി ഗ്രീന്‍ എനര്‍ജി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വാങ്ങിയിരുന്നു.
വൈദ്യുതി വാങ്ങല്‍ കരാറുകള്‍
ഈ മികച്ച സാമ്പത്തിക വിജയം തങ്ങളുടെ ബിസിനസ് തന്ത്രത്തിന്റെ ശക്തിയുടെ തെളിവാണെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി 450 മെഗാവാട്ട് വിന്‍ഡ് പദ്ധതികള്‍ക്കും 650 മെഗാവാട്ട് സോളാര്‍ പ്രോജക്ടുകള്‍ക്കുമുള്ള വൈദ്യുതി വാങ്ങല്‍ കരാറുകളും ഒപ്പുവച്ചു.