Begin typing your search above and press return to search.
ശ്രീലങ്കയില്‍ വെളിച്ചം വിതറാന്‍ ഈ അദാനിക്കമ്പനി; 20 വര്‍ഷത്തേക്ക് കരാറായി
ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ പുനരുപയോഗ ഊര്‍ജ ഉത്പാദനക്കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി ശ്രീലങ്കയുടെ 'വെളിച്ചദാതാവ്' ആകാനൊരുങ്ങുന്നു. കാറ്റാടിപ്പാടം (Wind Power Stations) സ്ഥാപിച്ച് 484 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായി 20 വര്‍ഷത്തെ കരാറിന് ശ്രീലങ്കന്‍ മന്ത്രിസഭ അനുമതി നല്‍കി.
നിലവില്‍ ശ്രീലങ്കയില്‍ ഒരു കിലോവോട്ടിന്റെ ഉത്പാദനച്ചെലവ് 39.02 ശ്രീലങ്കന്‍ രൂപയാണ്. അദാനിയില്‍ നിന്ന് 24.78 രൂപ നിരക്കിലായിരിക്കും ശ്രീലങ്ക വൈദ്യുതി വാങ്ങുകയെന്ന് ഊര്‍ജമന്ത്രി കാഞ്ചന വിജേശേഖര പറഞ്ഞു.
ശ്രീലങ്കയ്ക്ക് പുതുവെളിച്ചമാകും
അടുത്ത 25 വര്‍ഷത്തോടെ വൈദ്യുതി ഉത്പാദനം പൂര്‍ണമായും പുനരുപയോഗ ഊര്‍ജസ്രോതസ്സില്‍ നിന്നാക്കാനുള്ള ലക്ഷ്യമാണ് ശ്രീലങ്കയ്ക്കുള്ളത്. ഇതിന്റെ ഭാഗമായാണ് അദാനി ഗ്രീന്‍ എനര്‍ജിയുമായുള്ള സഹകരണം.
നിലവില്‍ 4,200 മെഗാവാട്ടാണ് ശ്രീലങ്കയുടെ ഊര്‍ജോത്പാദനം. അടുത്ത മൂന്ന് വര്‍ഷത്തിനകം പുനരുപയോഗ സ്രോതസ്സില്‍ നിന്ന് ഇതിലേക്ക് 2,800 മെഗാവാട്ട് കൂടി കൂട്ടിച്ചേര്‍ക്കും.
അദാനിയുടെ വമ്പന്‍ പദ്ധതി
വടക്കന്‍ ശ്രീലങ്കയില്‍ 44.2 കോടി ഡോളറിന്റെ (ഏകദേശം 3,700 കോടി ഡോളര്‍) നിക്ഷേപത്തോടെയാണ് അദാനി ഗ്രീന്‍ എനര്‍ജി കാറ്റാടിപ്പാടം സ്ഥാപിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ അദാനി ഗ്രൂപ്പിന്റെ രണ്ടാമത്തെ വലിയ നിക്ഷേപ പദ്ധതിയാണിത്. കൊളംബോ തുറമുഖത്ത് 70 കോടി ഡോളറിന്റെ (5,800 കോടി രൂപ) കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയും അദാനിക്കുണ്ട്.
അതേസമയം, വടക്കന്‍ ശ്രീലങ്കയില്‍ അദാനിയുടെ കാറ്റാടിപ്പാടം പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്നായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വിധത്തിലാണ് പദ്ധതിയെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു.
ഓഹരി നേട്ടത്തില്‍
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി വില്‍മാര്‍, അംബുജ സിമന്റ്‌സ് എന്നിവ മാത്രമേ ഇന്ന് നേട്ടത്തിലേറിയിട്ടുള്ളൂ.
1.60 ശതമാനം ഉയര്‍ന്ന് അദാനി ഗ്രീന്‍ എനര്‍ജിയാണ് നേട്ടത്തില്‍ മുന്നില്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 90 ശതമാനം നേട്ടം സമ്മാനിച്ചിട്ടുള്ള ഓഹരിയാണ് അദാനി ഗ്രീന്‍. 2.75 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് അദാനി ഗ്രീന്‍ എനര്‍ജി.
Next Story
Videos