

2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഓഹരി വിലകളില്‍ കുത്തനെ ഇടിവുണ്ടായി. നിക്ഷേപകരുടെ വിശ്വാസം തകര്‍ന്നു. കടബാധ്യത, ഓഹരി ക്രമക്കേട്, അക്കൗണ്ടിംഗ് ചോദ്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങള്‍ ആ സമയത്ത് വലിയ ചര്‍ച്ചയായി.
എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം പൂര്‍ണമായും മാറിയിരിക്കുകയാണ്. അദാനി സാമ്രാജ്യം വീണ്ടും ശക്തമായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. ഗ്രൂപ്പിലെ പ്രധാന കമ്പനികളുടെ ഓഹരികള്‍ വീണ്ടും കുതിച്ചുയരുകയാണ്. നഷ്ടപ്പെട്ട വിപണി മൂല്യത്തിന്റെ ഭൂരിഭാഗവും ഇപ്പോള്‍ തിരിച്ചുപിടിച്ചെന്നാണ് വിപണി കണക്കുകള്‍ സൂചിപ്പിക്കുന്നത്. 20,000 കോടി ഡോളര്‍ (19 ലക്ഷം കോടി രൂപ) വരുന്നതാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം.
2026 മേയ് 28-ന് അദാനി ഗ്രൂപ്പിന്റെ തിരിച്ചുവരവിന് വലിയ പ്രതീകാത്മക നേട്ടവുമുണ്ടായി. അദാനി പവര്‍ വിപണി മൂല്യത്തില്‍ ഇന്‍ഫോസിസിനെ മറികടന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 11-ാമത്തെ കമ്പനിയായി അദാനി പവര്‍ മാറി. ഇന്ത്യയില്‍ വൈദ്യുതി ആവശ്യകത കുത്തനെ കൂടുന്നതും പവര്‍ മേഖലയില്‍ അദാനിയുടെ വ്യാപനവും ഈ കുതിപ്പിന് കരുത്തായി. പ്രത്യേകിച്ച് താപ വൈദ്യുതിയും നവീനോര്‍ജ്ജ പദ്ധതികളും നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ വലിയ ഇടിവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികള്‍ ചേര്‍ന്ന് ഏകദേശം 150 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം തിരിച്ചുപിടിച്ചതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ കമ്പനികളാണ് തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ചത്.
ഇന്ത്യയുടെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രൂപ്പുകളിലൊന്നായി മാറാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍, വൈദ്യുതി, ട്രാന്‍സ്മിഷന്‍, സിമന്റ്, ഡാറ്റ സെന്ററുകള്‍, പ്രതിരോധ മേഖല, ലോജിസ്റ്റിക്‌സ് തുടങ്ങി നിരവധി മേഖലകളില്‍ അദാനി വ്യാപനം ശക്തമാക്കുകയാണ്. എ.ഐ അടിസ്ഥാനസൗകര്യ രംഗത്തേക്കും ഗ്രൂപ്പ് വലിയ നീക്കമാണ് നടത്തുന്നത്. 2035ഓടെ ഗ്രീന്‍ എനര്‍ജി ഉപയോഗിച്ചുള്ള AI-ready ഡാറ്റ സെന്ററുകള്‍ക്കും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനുമായി 100 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി.
വിപണിയില്‍ തിരിച്ചുവന്നെങ്കിലും വിമര്‍ശനങ്ങള്‍ പൂര്‍ണമായി അവസാനിച്ചിട്ടില്ല. കടം അടിസ്ഥാനമാക്കിയുള്ള വ്യാപന രീതി, സര്‍ക്കാര്‍ നയങ്ങളോട് അടുക്കുന്ന ബിസിനസ് മോഡല്‍, കോര്‍പ്പറേറ്റ് ഗവര്‍ണന്‍സ് ചോദ്യങ്ങള്‍ എന്നിവയെ കുറിച്ച് ചില ആഗോള നിക്ഷേപകര്‍ ഇപ്പോഴും ജാഗ്രത തുടരുകയാണ്. എങ്കിലും നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ അദാനി ഗ്രൂപ്പ് വീണ്ടും ശക്തമായ വളര്‍ച്ചാ കഥ പറയുകയാണ്. പ്രത്യേകിച്ച് ഇന്ത്യയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍, പവര്‍, ഗ്രീന്‍ എനര്‍ജി വളര്‍ച്ചയില്‍ പ്രധാന പങ്കാളിയായി ഗ്രൂപ്പ് മാറുന്നുവെന്നാണ് വിലയിരുത്തല്‍.
അദാനി ഗ്രൂപ്പ് ഇപ്പോള്‍ പുതിയ വികസന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയുടെ അടുത്ത ദശകത്തിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനമുള്ള കോര്‍പ്പറേറ്റ് ഗ്രൂപ്പുകളില്‍ ഒന്നായി അദാനി മാറുമോയെന്നതാണ് ഇപ്പോള്‍ വിപണി നോക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine