വീണ്ടും വായ്പയെടുക്കാന്‍ അദാനി; ഹരിതോര്‍ജ്ജ പദ്ധതികള്‍ക്കായി സമാഹരിക്കുന്നത് 12,000 കോടി രൂപ

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷമുള്ള ഗ്രൂപ്പിന്റെ ഏറ്റവും വലിയ പദ്ധതി

ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് ഹരിതോര്‍ജ്ജ പദ്ധതികള്‍ക്കായി 12,000 കോടി രൂപ(150 കോടി ഡോളര്‍) വരെ വായ്പ സമാഹരിക്കാനൊരുങ്ങുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ ബാങ്കുകളുമായി ഗ്രൂപ്പ് ഇതിനായി ചര്‍ച്ച നടത്തി വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ ബാങ്ക് ഇതിന്റെ ഭാഗമായി റോഡ് ഷോ സംഘടിപ്പിക്കുകയും ആഗോള ധനകാര്യ സ്ഥാപനങ്ങളുമായി സംസാരിക്കുകയും ചെയ്തതായി പി.ടി.ഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബി.എന്‍.ബി പാരിബാസ്, ഡി.ബി.എസ് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ഡ്യൂയിഷ് ബാങ്ക്, ഐ.എന്‍.ജി, മിത്‌സുബിഷി യു.എഫ്.ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, മിസോ തുടങ്ങിയ അന്താരാഷ്ട ബാങ്കുകളുടെ സഹായത്താലാണ് സിംഗപ്പൂരില്‍ ഗ്രൂപ്പ് കൂടികാഴ്ചകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ഇതേ കുറിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗികമായ വെളിപ്പെടത്തുലകളൊന്നും ഇതുവരെ നടത്തിയിട്ടില്ല. കൃത്യമായ വായ്പ തുക വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏകദേശം 100-150 കോടി ഡോളറാണെന്നാണ് വിവരങ്ങള്‍.

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമങ്ങള്‍

ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ തള്ളിപ്പറഞ്ഞ അദാനി ഗ്രൂപ്പ് വായ്പകള്‍ മുന്‍കൂറായി തിരച്ചടച്ച് വിപണിയുടെ വിശ്വാസം തിരിച്ചു പിടിക്കാന്‍ ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍ റോഡ് ഷോകള്‍ നടത്തുന്നത്.

അദാനി ഗ്രൂപ്പിന്റെ ധനകാര്യ വിഭാഗം തലവന്‍മാര്‍ നേരിട്ട് ബാങ്കുകള്‍, വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരുമായി കൂടികാഴ്ച നടത്തുകയും കമ്പനിയുടെ ശക്തമായ അടിത്തറയെ കുറിച്ച് ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ പാദത്തില്‍ 21,667 കോടി രൂപയുടെ( 265 കോടി ഡോളര്‍)വായ്പകളാണ് കാലാവധിയെത്തും ഗ്രൂപ്പ് മുന്‍പു തിരിച്ചടച്ചത്.

ബാങ്കുകള്‍ക്ക് താതപര്യം
ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനു ശേഷവും ബാങ്കുകള്‍ക്ക് അദാനിയിലുള്ള വിശ്വസം നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് കണക്കുകള്‍ കാണിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുന്‍പു വരെ 18 ബാങ്കുകളായിരുന്നു അദാനി ഗ്രൂപ്പിന് വായ്പകള്‍ നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് 25 ആയി ഉയര്‍ന്നിരിക്കുന്നു. അമേരിക്കയില്‍ നിന്നുള്ള രണ്ട് ബാങ്കുകളും യൂറോപ്പ്, ജപ്പാന്‍ എന്നിവടങ്ങളില്‍ നിന്ന് മൂന്നു വീതം ബാങ്കുകളും അദാനി ഗ്രൂപ്പിന്റെ വായ്പാദാതാക്കളുടെ പട്ടികയിലുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് ഗ്രൂപ്പിന്റെ കടം 2.27 ലക്ഷം കോടി രൂപയാണ്.
ബാങ്കുകള്‍ കണക്കാക്കുന്നതനുസരിച്ച് അദാനി ഗ്രൂപ്പിന്റെ ആസ്തികളുടെ മൂല്യം 5.75 ലക്ഷം കോടി രൂപയാണ്. മറ്റ് പല വലിയ പദ്ധതികളും നിര്‍ത്തിവച്ചിരിക്കുന്നതാനാല്‍ സമീപഭാവിയില്‍ വലിയ സാമ്പത്തിക പ്രതിസന്ധി ഗ്രൂപ്പിനുണ്ടാകില്ല എന്നാണ് നിരീക്ഷണം. 2024 ല്‍ കാലാവധിയെത്തുന്ന 190 കോടി ഡോളറിന്റെ ബോണ്ടുകളുടെ പണമാണ് ഇനി ഉടന്‍ നല്‍കാനള്ളത്. ഗ്രൂപ്പിന്റെ ബിസിനസ് വളര്‍ച്ചയും മികച്ച ബാലന്‍സും കണക്കിലെടുക്കുമ്പോള്‍ മതിയായ കരുത്ത് ഗ്രൂപ്പിനുണ്ടെന്നാണ് ബാങ്കുകളുടെ വിലയിരുത്തല്‍.
മിത്‌സുബിഷി യു.എഫ്.ജെ, സുമിറ്റോമോ മിത്‌സുയി, മിസോ, സ്റ്റാര്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ബാര്‍ക്ലെയ്‌സ്, ഡ്യൂയിഷ് ബാങ്ക് എന്നിവ കൂടാതെ മറ്റ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും അദാനിയുടെ സാമ്പത്തിക നിലയില്‍ തൃപ്തി അറിയിച്ചിട്ടുണ്ട്.
Related Articles
Next Story
Videos
Share it