വിമാനക്കമ്പനി തുടങ്ങാനില്ല, റിപ്പോര്‍ട്ടുകള്‍ തളളി അദാനി ഗ്രൂപ്പ്, കാരണമിതാണ്

എയർപോർട്ട് ഉടമകൾക്ക് എയർലൈൻ തുടങ്ങാമോ? റിപ്പോർട്ടുകൾക്കിടെ വിശദീകരണവുമായി അദാനി
adani airports
Published on

എയർലൈൻ ബിസിനസിലേക്ക് പ്രവേശിക്കാൻ തങ്ങൾക്ക് നിലവിൽ പദ്ധതികളില്ലെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ്. ഈ മേഖലയിൽ പ്രവേശിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ നിയമങ്ങളിൽ ഇളവ് തേടി കമ്പനി അധികൃതരെ സമീപിച്ചു എന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.

കൂടുതല്‍ ഓഹരി പങ്കാളിത്തത്തിന് അനുവാദമില്ല

നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഡൽഹി, മുംബൈ തുടങ്ങിയ വിമാനത്താവളങ്ങളുടെ ഓപ്പറേറ്റർമാർക്ക് ഏതെങ്കിലും എയർലൈനിൽ 10 ശതമാനത്തിലധികം ഓഹരി പങ്കാളിത്തം വഹിക്കാൻ അനുവാദമില്ല. ഈ നിയന്ത്രണത്തിൽ മാറ്റം വരുത്തിയാൽ മാത്രമേ വിമാനത്താവള ഉടമകൾക്ക് സ്വന്തം നിലയിൽ എയർലൈൻ ആരംഭിക്കാൻ സാധിക്കൂ. എന്നാൽ, പുറത്തുവന്ന റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് അദാനി എന്റർപ്രൈസസ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ വിശദീകരണത്തിൽ അറിയിച്ചു. അത്തരത്തിലുള്ള യാതൊരു നിർദ്ദേശവും കമ്പനി നിലവിൽ പരിഗണിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

താൽപ്പര്യ വൈരുദ്ധ്യം

വിമാനത്താവളങ്ങൾ നടത്തുന്ന കമ്പനികൾ തന്നെ വിമാന സർവീസുകൾ ആരംഭിക്കുന്നത് താൽപ്പര്യ വൈരുദ്ധ്യത്തിന് (conflict of interest) കാരണമാകുമെന്ന് ഇൻഡിഗോ എംഡി രാഹുൽ ഭാട്ടിയ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരമൊരു നീക്കം ആഗോളതലത്തിൽ തന്നെ കീഴ്വഴക്കമില്ലാത്തതാണെന്നും ഇത് ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അദാനി ഗ്രൂപ്പിനും ജിഎംആർ എയർപോർട്സിനും സ്വന്തം എയർലൈനുകൾ തുടങ്ങാൻ അനുവദിക്കുന്ന തരത്തിൽ നയപരമായ മാറ്റങ്ങൾ സിവിൽ ഏവിയേഷൻ മന്ത്രാലയം ചർച്ച ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അദാനി ഗ്രൂപ്പിന്റെ ഈ വ്യക്തത വരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com