അദാനിക്ക് കടം വീട്ടാന്‍ ഈ മാര്‍ച്ചില്‍ വേണം 14,500 കോടി രൂപ, പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി പണം സമാഹരിക്കാന്‍ ലക്ഷ്യം

അദാനി ഗ്രൂപ്പ് വരുന്ന മാര്‍ച്ചില്‍ തിരിച്ചടയ്‌ക്കേണ്ടത് 14,500 കോടി രൂപയുടെ വായ്പകള്‍. തുറമുഖം, സിമന്റ്, പുനരുപയോഗ ഊര്‍ജം എന്നീ ബിസിനസുകള്‍ക്കായി എടുത്ത വായ്പകളാണ് അടുത്ത പാദത്തില്‍ തിരിച്ചടവു കാലാവധി പൂര്‍ത്തിയാക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അദാനി ഗ്രീന്‍ എനര്‍ജിയ്ക്കായി എടുത്ത 105 കോടി ഡോളറിന്റെ (ഏകദേശം 8,900 കോടി രൂപ) വായ്പയാണ് ഇതില്‍ ഏറ്റവും വലുത്. മാര്‍ച്ചില്‍ ഇത് തിരിച്ചടയ്ക്കണം.
അംബുജ സിമന്റ്‌സ്, എ.സി.സി എന്നിവ ഉള്‍പ്പെടെയുള്ള അദാനി സിമന്റ്‌സിന് വേണ്ടി എടുത്ത 30 കോടി ഡോളറിന്റെ (ഏകദേശം 25,00 കോടി രൂപ) വായ്പയും മാര്‍ച്ചില്‍ തിരിച്ചടയ്‌ക്കേണ്ടതുണ്ട്.
അദാനി പോര്‍ട്‌സ് ആന്‍ഡ് സെസിന് വേണ്ടിയെടുത്ത 29 കോടി ഡോളറിന്റെ വായ്പയുടെ കാലാവധി ജനുവരിയില്‍ അവസാനിക്കും. ഹൈഫ പോര്‍ട്‌സിന്റെ ജാമ്യത്തില്‍ ഇസ്രായേല്‍ കറന്‍സിയായ ഷെക്കലില്‍ എടുത്തിട്ടുള്ള അദാനി പോര്‍ട്‌സിന്റെ വായ്പ ടെല്‍ അീവിലെ പ്രാദേശിക വായ്പാദാതാക്കള്‍ റീ ഫിനാന്‍സ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി

അതേസമയം അദാനി ഗ്രീനിന്റെ വായ്പയ്ക്ക് റീഫിനാന്‍സിംഗ് ചെയ്യാനായി അന്താരാഷ്ട്ര വിപണികളില്‍ പ്രൈവറ്റ് പ്ലേസ്‌മെന്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്. നേരത്തെ വിദേശ ബാങ്കുകളായിരുന്നു വായ്പ നല്‍കിയത്.
1.05 ബില്യണ്‍ ഡോളര്‍ റീഫിനാന്‍സ് ചെയ്യുന്നതിനായി 600 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ അദാനി ഗ്രീന്‍ കടപ്പത്ര നിക്ഷേപകരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. 7.5 ശതമാനം പലിശയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഗൗതം അദാനിക്കും മരുമകന്‍ സാഗര്‍ അദാനിക്കും മറ്റുമെതിരെ യു.എസ് കോടതി അഴിമതിക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് നവംബര്‍ അവസാനം ഈ ധനസമാഹരണ പദ്ധതിയില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്‍മാറി. ഇപ്പോള്‍ അടുത്തിടെ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി 500 മില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നതായി അദാനി ഗ്രൂപ്പ് സി.എഫ് ഒ വ്യക്തമാക്കിയിരുന്നു.

കൊളമ്പോ ടെര്‍മിനല്‍ വായ്പയും ഒഴിവാക്കി

ശ്രീലങ്കന്‍ ടെര്‍മിനല്‍ പ്രോജക്ടിനായുള്ള യു.എസ് വായ്പ വേണ്ടെന്ന് വച്ചതായി ഇന്ന് അദാനി പോര്‍ട്‌സ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്. പകരം കമ്പനിയുടെ സ്വന്തം നിലയില്‍ പണം കണ്ടെത്താനാണ് പദ്ധതി. കൊളംബോ വെസ്റ്റ് ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ (CWIT) നിര്‍മാണത്തില്‍ മികച്ച പുരോഗതിയുണ്ടെന്നും അടുത്ത വര്‍ഷം ആദ്യം തന്നെ ഇത് കമ്മീഷന്‍ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
യു.എസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സി.ഡബ്ല്യു.ഐ.ടിയ്ക്കായി 553 മില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചെങ്കിലും അത് നല്‍കിയിരുന്നില്ല. ശ്രീലങ്കന്‍ കമ്പനിയായ ജോണ്‍ കീല്‍സ് ഹോള്‍ഡിംഗ്‌സ്, ശ്രീലങ്ക പോര്‍ട്ട് അതോറിറ്റി, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നിവയടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് വായ്പ അനുവദിച്ചത്.
Related Articles
Next Story
Videos
Share it