Begin typing your search above and press return to search.
അദാനി ഗ്രൂപ്പില്‍ നിന്ന് വീണ്ടുമൊരു ലിസ്റ്റഡ് കമ്പനി വരുന്നു
ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പില്‍ നിന്ന് മറ്റൊരു ലിസ്റ്റഡ് കമ്പനി കൂടി വരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അദാനി എയര്‍പോര്‍ട് ഹോള്‍ഡിംഗ്‌സിനെ (Adani Airport Holdings Ltd) വേര്‍പെടുത്തി ലിസ്റ്റ് ചെയ്‌തേക്കുമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
അദാനി എന്റര്‍പ്രൈസസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് (wholly owned subsidiary) എയര്‍പോര്‍ട്ട് ബിസിനസ് വിഭാഗമായ അദാനി എയര്‍പോര്‍ട് ഹോള്‍ഡിംഗ്‌സ്. എട്ട് എയര്‍പോര്‍ട്ടുകളിലായി ഗതാഗത, ചരക്കു നീക്ക ബിസിനസ് നടത്തി വരുന്നു. കൂടാതെ നവി മുംബൈ എയര്‍പോര്‍ട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനം 2024 ഡിസംബറില്‍ ആരംഭിക്കും. 2032ലാണ് പ്രവര്‍ത്തനം പൂര്‍ണ സജ്ജമാകുക.
2025ന്റെ അവസാനമോ 2026 ആദ്യമോ ലിസ്റ്റിംഗ് ഉണ്ടാകുമെന്നാണ് കരുതുന്നത്. അദാനി എന്റര്‍പ്രൈസസില്‍ നിന്ന് ഹൈഡ്രജന്‍, എയര്‍പോര്‍ട്, ഡേറ്റ സെന്റര്‍ ബിസിനസുകള്‍ 2025നും 2028നുമിടയില്‍ വേര്‍പെടുത്തുമെന്ന് കഴിഞ്ഞ ജനവുരിയില്‍ അദാനി ഗ്രൂപ്പ് സൂചന നല്‍കിയിരുന്നു.
എയര്‍പോര്‍ട്ട് ബിസിനസ്
2024, 2025 സാമ്പത്തിക വര്‍ഷങ്ങളില്‍ എയര്‍പോര്‍ട്ട് ബിസിനസില്‍ 110 കോടി ഡോളര്‍ (ഏകദേശം 9,000 കോടി രൂപ) നിക്ഷേപം നടത്തുന്നുണ്ട്. ഇതില്‍ നല്ലൊരു പങ്കും നവി മുംബൈ എയര്‍പോര്‍ട്ട് നിര്‍മാണത്തിനാണ് വിനിയോഗിക്കുക.
2023 സാമ്പത്തിക വര്‍ഷത്തില്‍ അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ടുകള്‍ 7.5 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണിത്. നടപ്പു വര്‍ഷത്തിലെ ആദ്യ പാദത്തിലെ കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം ഈ വര്‍ഷം 8.3 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തിന്റെ മൊത്തം വിമാനയാത്രക്കാരുടെ നാലിലൊരു ഭാഗം മാത്രമാണ് അദാനി എയര്‍പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നത്. ഈ എയര്‍പോര്‍ട്ടുകള്‍ വഴിയുള്ള ചരക്ക് നീക്കം 7.8 ലക്ഷം ടണ്‍ ആണ്. മുന്‍വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ധനയുണ്ട്.
പതിനൊന്നാമനാകാന്‍
ലിസ്റ്റിംഗ് നടന്നാല്‍ അദാനി ഗ്രൂപ്പില്‍ നിന്ന് ഓഹരി വിപണിയിലേക്കെത്തുന്ന പതിനൊന്നാമത്തെ കമ്പനിയാകും അദാനി എയര്‍പോര്‍ട് ഹോള്‍ഡിംഗ്‌സ്. അദാനി എന്റര്‍പ്രൈസസിനു കീഴിലുള്ള വിവിധ ബിസിനസ് വിഭാഗങ്ങള്‍ നിശ്ചിത വലിപ്പമെത്തുമ്പോള്‍ വിഭജിച്ച് വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
2022 ഫെബ്രുവരിയില്‍ ലിസ്റ്റ് ചെയ്ത അദാനി വില്‍മറാണ് ഗ്രൂപ്പില്‍ നിന്ന് അവസാനമായി ഓഹരി വിപണിയിലെത്തിയത്.
അദാനി എന്റര്‍പ്രൈസ്, എസ്.സി.സി, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്പെഷ്യൽ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അംബുജ സിമന്റ്, എന്‍.ഡി.ടി.വി എന്നിവയാണ് അദാനി ഗ്രൂപ്പില്‍ നിന്നുള്ള മറ്റ് ലിസ്റ്റഡ് കമ്പനികള്‍.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ അദാനി എന്റര്‍പ്രൈസസിന്റെ ലാഭം 722.78 കോടി രൂപയാണ്. വരുമാനം തൊട്ടു മുന്‍സാമ്പത്തിക വര്‍ഷത്തേക്കാള്‍ 26 ശതമാനം വര്‍ധിച്ച് 31,346.05 കോടി രൂപയുമാണ്. ഇക്കാലയളവിലെ കമ്പനിയുടെ സംയോജിത (Consolidated) ലാഭം 2,472.94 കോടി രൂപയും വരുമാനം 1.37 ലക്ഷം കോടി രൂപയുമാണ്.
Next Story
Videos