ചെലവ് ചുരുക്കലിലേക്ക് അദാനി ഗ്രൂപ്പ്

ഓഹരി വിപണിയില്‍ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ചെലവ് ചുരുക്കലിലേക്ക്. 'മിന്റ്' പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസ് 20,000 കോടിയുടെ ഓഹരി തുടര്‍ വില്‍പ്പനയും (എഫ്പിഒ) പിന്‍വലിച്ചിരുന്നു.

12 മാസത്തിനുള്ളില്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ 16-18 മാസം കൊണ്ട് നടപ്പിലാക്കാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. കാര്യങ്ങള്‍ സാധാരണ രീതിയില്‍ എത്തിയ ശേഷം മാത്രമാവും ഇനി വേഗത്തിലുള്ള നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കുക. പ്രൊമോട്ടര്‍ ഓഹരികള്‍ പണയം വെയ്ക്കല്‍, ഓഹരി വില്‍ക്കല്‍ തുടങ്ങിയവയിലൂടെ അദാനി ഗ്രൂപ്പ് ധനസമാഹരണം നടത്തിയേക്കും.

നിലവില്‍ വായ്പ നല്‍കിയവര്‍ക്ക് അദാനി ഗ്രൂപ്പ് കൂടുതല്‍ ഓഹരികള്‍ ഈടായി നല്‍കുമെന്നാണ് വിവരം. പ്രഖ്യാപിച്ച പദ്ധതികളുടെ മൂലധന വിഹിതം ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത ഒരു ദശകത്തിനുള്ളില്‍ 10,000 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തുമെന്ന് കഴിഞ്ഞ വര്‍ഷം അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.

അതേ സമയം അന്താരാഷ്ട്ര ബാങ്കായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് അദാനി ഗ്രൂപ്പിന്റെ ബോണ്ടുകള്‍ ഈടായി വാങ്ങുന്നത് അവസാനിപ്പിച്ചു. നേരത്തെ ക്രെഡിറ്റ് സ്വീസ്, സിറ്റിഗ്രൂപ്പ് എന്നിവയും സമാന തീരുമാനം എടുത്തിരുന്നു.

Related Articles

Next Story

Videos

Share it