പ്രതീക്ഷിച്ച വില കിട്ടുന്നില്ല; 'വിൽമർ' ഓഹരി വിൽക്കാനുള്ള അദാനിയുടെ നീക്കം പാളുന്നു
അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പെടെയുള്ള മറ്റ് പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനായി അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം പാളുന്നു. ഓഹരിക്ക് പ്രതീക്ഷിച്ച വില ആരും വാഗ്ദാനം ചെയ്യാത്തതിനാൽ വിൽപനനീക്കം അദാനി തത്കാലത്തേക്ക് വേണ്ടെന്നുവച്ചെന്നാണ് സൂചനകൾ.
ഓഹരി വിൽപനയുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തിയെങ്കിലും മികച്ച പ്രതികരണമുണ്ടായില്ല. അദാനി വില്‍മറില്‍ ഗ്രൂപ്പിന് 43.97 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അദാനി വില്‍മറിലെ മുഴുവന്‍ ഓഹരി പങ്കാളിത്തവും വിറ്റൊഴിയാനാണ് ഗ്രൂപ്പ് പദ്ധതിയിട്ടത്. ഈ ഓഹരി വിൽപനയിലൂടെ 250-300 കോടി ഡോളറാണ് (20,800-24,960 കോടി രൂപ) അദാനി ഗ്രൂപ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അദാനി വില്‍മറിലെ ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ട് വന്നവര്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയാണ് പറഞ്ഞത്. ഒരു ഓഹരിക്ക് ഏകദേശം 357 രൂപ എന്ന നിലവിലെ വിലയില്‍, അദാനി വില്‍മറിന് 47,040 കോടി രൂപ വിപണി മൂല്യമുണ്ട്.
അദാനി ഗ്രൂപ്പും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മര്‍ ഇന്റര്‍നാഷണലുമായി ചേര്‍ന്ന് 1999 ജനുവരിയിലാണ് അദാനി വില്‍മര്‍ എന്ന സംയുക്ത സംരംഭത്തിന് തുടക്കമിട്ടത്. 43.87 ശതമാനമാണ് കമ്പനിയില്‍ വില്‍മറിന്റെ ഓഹരി പങ്കാളിത്തം. അദാനി വില്‍മറിന് ഇന്ത്യയില്‍ 10 സംസ്ഥാനങ്ങളിലായി 23 പ്ലാന്റുകളുണ്ട്.