Begin typing your search above and press return to search.
ഇന്ത്യയുടെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററായി അദാനി ഗ്രൂപ്പ്
മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പും എഎഎച്ച്എല്ലിന് കീഴിലായി.
മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കിഴിലായി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്റര്‍മാരായിരിക്കുകയാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്(എഎഎച്ച്എല്‍). എഎഎച്ച്എല്‍ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ(എംഐഎഎല്‍) 74% ഓഹരികളാണ് സ്വന്തമാക്കിയിട്ടുള്ളത്. അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു എന്നിവിടങ്ങളില്‍ ഇതിനകം മൂന്ന് വിമാനത്താവളങ്ങള്‍ ഇപ്പോള്‍ തന്നെ എഎഎച്ച്എല്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്വാഹട്ടി, തിരുവനന്തപുരം, ജയ്പൂര്‍ എന്നിവിടങ്ങളില്‍ കൂടി ആകുമ്പോള്‍ ഏഴ് എയര്‍പോര്‍ട്ടുകളാകും അദാനി ഗ്രൂപ്പിന് കീഴില്‍ വരുക.
മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ നടത്തിപ്പ് നേരത്തെ ജിവികെ ഗ്രൂപ്പിന് കീഴിലായിരുന്നു. സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് മഹാരാഷ്ട്ര, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നിവയില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് അദാനി നേരത്തെ തന്നെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്ന ഏറ്റെടുക്കല്‍ പൂര്‍ണമായത്.
നിലവിലെ ഏറ്റെടുക്കലിനൊപ്പം ബഹുരാഷ്ട്ര കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ഇപ്പോള്‍ 25 ശതമാനം എയര്‍പോര്‍ട്ട് ഫുട്‌ഫോളുകളാണ് വഹിക്കുന്നത്. മൊത്തം എട്ട് വിമാനത്താവളങ്ങള്‍ അതിന്റെ മാനേജ്‌മെന്റ് എന്നിവയും കമ്പനി കൈകാര്യം ചെയ്തുവരുന്നുണ്ട്. രാജ്യത്തെ വിമാന ചരക്ക് ഗതാഗതത്തിന്റെ 33 ശതമാനത്തിന്റെ നിയന്ത്രണവും അദാനി ഗ്രൂപ്പിനാണ്.
യാത്രാ വിമാനങ്ങളുടെ കാര്യത്തിലും ചരക്ക് നീക്കത്തിന്റെ കാര്യത്തിലും രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് മുംബൈ വിമാനത്താവളം. ഭാവിയില്‍ ബിസിനസ്, വിനോദം, എന്നിവയ്ക്കായി മുംബൈ വിമാനത്താവളത്തെ പരിഷ്‌കരിക്കുമെന്നും ഇത് വഴി പ്രാദേശിക തലത്തില്‍ ആയിരം പേര്‍ക്ക് തൊഴില്‍ നല്‍കാനും ഗ്രൂപ്പിന് പദ്ധതിയുണ്ടെന്നാണ് ഗൗതം അദാനി വ്യക്തമാക്കിയത്.
Next Story
Videos