5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ അദാനിയും, ലക്ഷ്യം സ്വകാര്യ നെറ്റ്‌വര്‍ക്ക്
5ജി സ്‌പെക്ട്രം ലേലത്തില്‍ (5G Spectrum Auction) പങ്കെടുക്കാന്‍ അപേക്ഷ നല്‍കി അദാനി ഗ്രൂപ്പ് (Adani Group). ഇന്നലെയായിരുന്നു ലേലത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷ നല്‍കേണ്ട അവസാന തിയതി. അദാനിക്കൊപ്പം പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവരും അപേക്ഷ സമര്‍പ്പിച്ചു.
സ്വകാര്യ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ വേണ്ടിയാണ് അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കുന്നത് എന്നാണ് വിവരം. ജൂലൈ 26 മുതലാണ് ലേലം. സ്‌പെക്ട്രം ലഭിച്ചാല്‍ ടെലികോം കമ്പനികളെ ആശ്രയിക്കാതെ സ്വന്തം ആവശ്യത്തിനുള്ള നെറ്റ്‌വര്‍ക്ക് അദാനി ഗ്രൂപ്പിന് തന്നെ തയ്യാറാക്കാന്‍ സാധിക്കും. നിലവില്‍ കരാറടിസ്ഥാനത്തില്‍ ടലികോം കമ്പനികളില്‍ നിന്ന് സ്‌പെക്ട്രം വാങ്ങി നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ടെലികോം കമ്പനികളുടെ എതിര്‍പ്പ് മറികടന്നാണ് സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ക്കുള്ള അനുമതി ഇത്തവണ കേന്ദ്രം നല്‍കിയത്.
യൂണിഫൈഡ് ലൈസന്‍സ് നേടിയാല്‍ സ്‌പെക്ട്രം സ്വന്തമാക്കുന്ന ഏതൊരു കമ്പനിക്കും എല്ലാത്തരം ടെലികോം സേവനങ്ങളും നല്‍കാന്‍ സാധിക്കുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. പാന്‍-ഇന്ത്യന്‍ യൂണിഫൈഡ് ലൈസന്‍സിന് 15 കോടി രൂപയാണ് കമ്പനികള്‍ നല്‍കേണ്ടത്.