1.2 ലക്ഷം കോടിയുടെ നിക്ഷേപത്തിന് അദാനി ഗ്രൂപ്പ്, 70 ശതമാനവും പുനരുപയോഗ ഊര്‍ജ ബിസിനസുകളില്‍

ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷം (2024-25) പാരമ്പര്യേതര ഊര്‍ജ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അദാനി ഗ്രൂപ്പ്. അടുത്തവര്‍ഷം 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിവിധ മേഖലകളിലെ ഉപകമ്പനികളിലായി അദാനി ഗ്രൂപ്പ് നിക്ഷേപിക്കാനൊരുങ്ങുന്നത്. ഇതില്‍ 70 ശതമാനം തുകയും വിനിയോഗിക്കുക പാരമ്പര്യേതര ഊര്‍ജ (green/renewable energy) ബിസിനസുകളിലായിരിക്കും. എനര്‍ജി, എയര്‍പോര്‍ട്ട്, കമ്മോഡിറ്റീസ്, സിമന്റ്, മീഡിയ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളിലാണ് കമ്പനി സാന്നിധ്യമറിയിച്ചിട്ടുള്ളത്.

നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ നിക്ഷേപിച്ചതിനേക്കാള്‍ 40 ശതമാനം അധികമാണ് അടുത്ത വര്‍ഷത്തേക്ക് ഉദ്ദേശിക്കുന്നത്. മാര്‍ച്ച് 31 ആകുമ്പോള്‍ മൊത്തം 100 ബില്യണ്‍ ഡോളറിന്റെ (83,000 കോടി രൂപ) നിക്ഷേപം നടത്താനാകുമെന്നാണ് കരുതുന്നത്.

പുനരുപയോഗ ഊര്‍ജം, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവ ഉള്‍പ്പെടുന്ന ഗ്രീന്‍ എനര്‍ജി ബിസിനിസിനാണ് ഗ്രൂപ്പ് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഗ്രൂപ്പിനു കീഴിലുള്ള സിമന്റ് കമ്പനിയായ അംബുജ സിമന്റ്‌സ് പുനരുപയോഗ ഊര്‍ജ്ജ പദ്ധതിക്കായി 6,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1,000 മെഗാവട്ട് ഉത്പാദനശേഷിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൂടാതെ രാജ്യത്തെ എറ്റവും വലിയ രണ്ടാമത്തെ സോളാര്‍ പവര്‍ കമ്പനി അദാനി ഗ്രൂപ്പിന്റേതാണ്.

ഗുജറാത്തിലെ ഖാവ്ഡാ 530 കിലോമീറ്ററില്‍ പരന്നു കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റിന്യൂവബിള്‍ പാര്‍ക്ക് നിര്‍മ്മിക്കുകയാണ് അദാനി ഗ്രൂപ്പ്.

എയര്‍പോര്‍ട്ടുകളുടെ ശേഷി മൂന്ന് മടങ്ങാക്കും

അടുത്ത വര്‍ഷത്തേക്കുള്ള നിക്ഷേപത്തിലെ ബാക്കിയുള്ള 30 ശതമാനത്തില്‍ വലിയൊരു പങ്ക് എയര്‍പോര്‍ട്ട്, തുറുമുഖ ബിസിനസുകളിലും ചെലവഴിക്കും. നിലവില്‍ ലക്ഷ്യമിടുന്ന നിക്ഷേപത്തിനു ശേഷം അദാനി ഗ്രൂപ്പിന്റെ ലാഭത്തില്‍ വലിയ കുതിപ്പുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
എയര്‍പോര്‍ട്ട് ബിസിനസില്‍ അടുത്ത 5-10 വര്‍ഷത്തില്‍ 60,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അടുത്തിടെ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എം.ഡി കരണ്‍ അദാനി പ്രഖ്യാപിച്ചിരുന്നു. ടെര്‍മിനലിന്റെയും റണ്‍വേയുടേയും ശേഷി ഉയര്‍ത്താനും എയര്‍പോര്‍ട്ട് സിറ്റിയാക്കി മാറ്റാനുമാണ് നിക്ഷേപം വിനിയോഗിക്കുക. 2024ഓടെ എയര്‍പോര്‍ട്ടുകളുടെ ശേഷി ഇരട്ടിയാക്കി ഉയര്‍ത്തും. നിലവില്‍ 110 മില്യണ്‍ യാത്രക്കാരെയാണ് വര്‍ഷം എയര്‍പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നത്. ഇത് മൂന്ന് മടങ്ങായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ലക്‌നൗവില്‍ പുതിയ ടെര്‍മിനല്‍ സ്ഥാപിച്ചു. നവി മുംബൈയില്‍ അടുത്ത മാർച്ചിൽ പുതിയ ടെര്‍മിനല്‍ തുറക്കും. ഗുവാഹത്തിയിലും പുതിയ ടെര്‍മിനല്‍ വരും. ഇതുകൂടാതെ അഹമ്മദാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലും പുതിയ ടെര്‍മിനലുകള്‍ തുറക്കാന്‍ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.
തകർച്ചയിൽ ഓഹരികൾ
അതേ സമയം അദാനി ഗ്രൂപ്പ് ഓഹരികളിന്ന് തകര്‍ച്ചയിലാണ്. അദാനി ഗ്രൂപ്പ് കമ്പനികളുടെ കൈക്കൂലി ആരോപണത്തെ കുറിച്ച് യു.എസ് ഏജന്‍സികള്‍ അന്വേഷണം വിപുലപ്പെടുത്തിയതാണ് കാരണം. അദാനി ഗ്രൂപ്പിന്റെ വിവിധ ഡോളര്‍ ഫണ്ടുകളും വലിയ വിലയിടിവ് നേരിടുന്നുണ്ട്. ഇന്ന് ഓഹരികള്‍ എട്ട് ശതമാനം വരെ ഇടിവിലാണുള്ളത്. അദാനി എന്റര്‍പ്രൈസസ് നാല് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഓഹരികള്‍ മൂന്ന് ശതമാനം താഴേക്കു പോയി. അദാനി വില്‍മര്‍ ഒരു ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ 2 മുതല്‍ 3 ശതമാനം വരെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Related Articles

Next Story

Videos

Share it