'പച്ച' തൊടാന്‍ അദാനി ₹7 ലക്ഷം കോടിയിറക്കുന്നു; ഗുജറാത്തില്‍ വമ്പന്‍ പദ്ധതിയും വരുന്നു
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വിവിധ മേഖലകളിലായി ഏഴ് ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപമിറക്കാന്‍ അദാനി ഗ്രൂപ്പ്. വിശദാംശങ്ങള്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി പങ്കുവെച്ചു. ഈ നിക്ഷേപത്തോടെ അദാനി ഗ്രൂപ്പ് അടിസ്ഥാന സൗകര്യ വികസന രംഗത്തെ ഏറ്റവും വലിയ നിക്ഷേപകരായി മാറുമെന്ന് അദാനി എനര്‍ജി സൊലൂഷന്‍സ് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കി.
ഖനനം, വിമാനത്താവളങ്ങള്‍, പ്രതിരോധം, വ്യോമയാനം, റോഡ്, മെട്രോ, റെയില്‍, സൗരോര്‍ജ്ജം, ഡേറ്റാ മാനേജ്‌മെന്റ് തുടങ്ങിയ വിവിധ മേഖലകളിലായാണ് ഗ്രൂപ്പ് നിക്ഷേപം നടത്തുന്നത്.
ഹരിതവല്‍ക്കരണം ലക്ഷ്യം
തുറമുഖ മേഖലയില്‍ നടത്തുന്ന നിക്ഷേപം ഹരിതവല്‍ക്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 2025ഓടെ കമ്പനിയുടെ തുറമുഖ ഓപ്പറേഷനുകള്‍ ഹരിതവല്‍ക്കരിക്കുമെന്നും 2040ഓടെ തുറമുഖ മേഖല നെറ്റ് സീറോ എമിഷന്‍ ലക്ഷ്യം കൈവരുക്കുമെന്നും ഗൗതം അദാനി പറഞ്ഞു. തുറമുഖങ്ങളിലെ എല്ലാ ക്രെയിനുകളും വൈദ്യുതീകരിക്കുന്നതും ആഭ്യന്തരാവശ്യത്തിനുള്ള ഡീസല്‍ വാഹനങ്ങള്‍ ബാറ്ററി അധിഷ്ഠിത വാഹനങ്ങളാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ 1,000 മെഗാവാട്ട് പുനരുപയോഗ ശേഷിയും അധികമായി സ്ഥാപിക്കും.
ഗുജറാത്തിലെ കച്ചില്‍ 726 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ എനര്‍ജി പാര്‍ക്ക് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കും. 2 കോടി വീടുകളിലേക്കായി 30 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2025ഓടെ 5,000 ഹെക്ടര്‍ കണ്ടല്‍ കാടുകള്‍ പരിപാലിക്കാനും ഗ്രൂപ്പ് പദ്ധതിയിട്ടിട്ടുണ്ട്.
അദാനി ടോട്ടല്‍ ഗ്യാസ് സി.എന്‍.ജി, പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പാചകാവശ്യത്തിനുള്ള സിറ്റി ഗ്യാസ് വിതരണ പദ്ധതി), കംപ്രസ്ഡ് ബയോഗ്യാസ്, ഇ-മൊബിലിറ്റി എന്നിവ വിപുലീകരിക്കും. 2030ഓടെ 75,000 വൈദ്യുത വാഹന (ഇ.വി) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനൊപ്പം കാര്‍ഷിക മാലിന്യങ്ങളെ നഗരങ്ങളിലേക്ക് ഉപയോഗിക്കാവുന്ന വാതകമാക്കി മാറ്റുന്ന പ്ലാന്റുകളും നിര്‍മ്മിക്കും.