Begin typing your search above and press return to search.
അദാനി ഗ്രൂപ്പിന്റെ കടം 2.30 ലക്ഷം കോടി രൂപ
അദാനി ഗ്രൂപ്പിന്റെ കടബാധ്യത കഴിഞ്ഞ വര്‍ഷം 21 ശതമാനം വര്‍ധിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ആഗോള ബാങ്കുകളില്‍ നിന്നുള്ള വായ്പാ വിഹിതം ഏകദേശം മൂന്നിലൊന്നായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിലവില്‍ ഗ്രൂപ്പിന്റെ 29 ശതമാനം വായ്പകളും രാജ്യാന്തര ബാങ്കുകളില്‍ നിന്നാണ്. ഏഴ് വര്‍ഷം മുമ്പു വരെ ആഗോള ബാങ്കുകളെ വായ്പയ്ക്കായി അദാനി ഗ്രൂപ്പ് ആശ്രയിച്ചിരുന്നില്ല. അതേസമയം, കടം തിരിച്ചടയ്ക്കാനുള്ള ഗ്രൂപ്പിന്റെ ശേഷി ഉയര്‍ന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് അദാനി ഗ്രൂപ്പിനു കീഴിലുള്ള ഏഴ് ലിസ്റ്റഡ് കമ്പനികളുടെ മൊത്തം കടം 20.7 ശതമാനം ഉയര്‍ന്ന് 2.30 ലക്ഷം കോടി രൂപയായി. കമ്പനി വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചു തുടങ്ങിയതോടെ 2019 മുതല്‍ കടം കുത്തനെ കൂടിയിട്ടുണ്ട്. മാര്‍ച്ച് വരെയുള്ള ഗ്രൂപ്പിന്റെ കടത്തിന്റെ 39 ശതമാനവും ബോണ്ടുകളാണെന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് കാണിക്കുന്നത്. 2016 ല്‍ 14 ശതമാനമായിരുന്നു ഇത്.
നിരീക്ഷണ കണ്ണുമായി ഏജന്‍സികള്‍
വിദേശ രാജ്യങ്ങളിലെ വളര്‍ച്ചയും വിപുലീകരണപ്രവര്‍ത്തനങ്ങളുമാണ് രാജ്യാന്തര ബാങ്കുകളില്‍ നിന്നുള്ള വായ്പ ഉയര്‍ത്തിയത്. ആസ്‌ട്രേലിയയിലും ഇസ്രായേലിലുമുള്‍പ്പെടെ ബിസിനസുകള്‍ സ്ഥാപിച്ചാണ് അദാനിയുടെ മുന്നേറ്റം.
എന്നാല്‍ ലോകമെമ്പാടും സാന്നിധ്യം വിപുലപ്പെടുത്തുമ്പോള്‍ സൂക്ഷ്മമായ നിരീക്ഷണവും പല ഭാഗത്തുനിന്നുമുണ്ടാകുന്നുണ്ട്. അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചുവെന്ന് അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗ് ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ഗൂപ്പിന്റെ ഓഹരികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു.
അദാനി എക്സിക്യൂട്ടീവുകള്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിക്കുകയും നിക്ഷേപകരുമായി നേരിട്ട് കൂടിക്കാഴ്ചകള്‍ നടത്തി കടം തിരിച്ചടയ്ക്കുമെന്ന് ഉറപ്പു നല്‍കിയിട്ടും കമ്പനിയുടെ ഓഹരികളും ഡോളര്‍ ബോണ്ടുകളും വില്‍പ്പന സമ്മര്‍ദ്ദത്തില്‍ നിന്ന് ഇതു വരെ പൂര്‍ണമായും തിരിച്ചു കയറിയിട്ടില്ല.
ഇത് സൂചിപ്പിക്കുന്നത് ഗ്രൂപ്പിന് പണം സ്വരൂപിക്കുന്നതിന് കൂടുതല്‍ അധ്വാനിക്കേണ്ടി വരുമെന്നാണ്. എന്നിരുന്നാലും കടം അനുപാതം മെച്ചപ്പെടുത്തുന്നത് ഇത്തരം തടസങ്ങളെ മറികടക്കാന്‍ ഗ്രൂപ്പിനെ സഹായിക്കും. അദാനി സ്ഥാപനങ്ങളുടെ ഫണ്ട് സ്വരൂപിക്കാനുള്ള കഴിവ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് രണ്ട് ആഗോള റേറ്റിംഗ് സ്ഥാപനങ്ങള്‍ പറഞ്ഞു.
കടം അനുപാതത്തില്‍ കുറവ്
മാര്‍ച്ചില്‍ അവസാനിച്ച 2023 സാമ്പത്തിക വര്‍ഷത്തില്‍ പലിശ, നികുതി, ഡിപ്രീസിയേഷന്‍, കടം തിരിച്ചടയ്ക്കല്‍ എന്നിവയ്ക്ക് മുമ്പുള്ള ഗ്രൂപ്പിന്റെ അറ്റ കടം അനുപാതം 2013 സെപ്റ്റബറില്‍ 7.6 ശതമാനമായിരുന്നത് 2023 സാമ്പത്തിക വര്‍ഷത്തില്‍ 3.2ശതമാനമായി കുറഞ്ഞിട്ടുണ്ട്. കടം തിരിച്ചടയ്ക്കാനുള്ള ഗ്രൂപ്പിന്റെ ശേഷിയെ സൂചിപ്പിക്കുന്നതാണ് ഈ അനുപാതം. നിലവില്‍ ഇത് ആരോഗ്യകരമായ നിലയിലാണുള്ളത്.
ആഭ്യന്തര വായ്പകള്‍
ആഭ്യന്തര വായ്പകളും വലിയതോതില്‍ തന്നെയുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 27,000 കോടി രൂപയാണ് ഗ്രൂപ്പ് വായ്പയെടുത്തിരിക്കുന്നത്. വരും മാസങ്ങളില്‍ വലിയ കടങ്ങള്‍ ഒന്നും തിരിച്ചടയ്‌ക്കേണ്ടതില്ലാത്തതിനാല്‍ റീഫിനാന്‍സിംഗ് റിസ്‌ക് തീരെയില്ലെന്നാണ് അദാനി ഗ്രൂപ്പ് വക്താക്കള്‍ പറയുന്നത്. സിമന്റ്, മീഡിയ തുടങ്ങിയ മേഖലകളിലേക്ക് കമ്പനിയുടെ വിപുലീകരണം ശക്തമാകുന്നതോടെ ഗ്രൂപ്പിന്റെ ആസ്തി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്.
ജനുവരി അവസാനം പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്റെ വലിയ ലക്ഷ്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിലും തുറമുഖങ്ങള്‍, വൈദ്യുതി, ഹരിത ഊര്‍ജം എന്നിവ ഉള്‍പ്പെടുന്ന പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം പെട്രോകെമിക്കല്‍സ്, അലുമിനിയം, സ്റ്റീല്‍, റോഡ് പദ്ധതികള്‍ എന്നിവയിലേക്ക് തിരിച്ചുവരാനുമുള്ള നീക്കങ്ങളെ മോശമായി ബാധിച്ചിരുന്നു.
Next Story
Videos