സമയപരിധി കഴിഞ്ഞിട്ടും അദാനി കേസില്‍ അന്വേഷണ റിപ്പോര്‍ട്ടില്ല, സെബിക്കെതിരെ നടപടി വന്നേക്കും

അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ന്ന ഹിന്‍ഡെന്‍ബെര്‍ഗ് വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയ സെബിക്കെതിരെ (SEBI) കോടതിലക്ഷ്യ നടപടി. സുപ്രീംകോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ സെബിക്ക് കഴിഞ്ഞിരുന്നില്ല. ഹിന്‍ഡെന്‍ബെര്‍ഗ് വിഷയത്തിലെ പരാതിക്കാരില്‍ ഒരാളായ അഭിഭാഷകന്‍ വിശാല്‍ തിവാരിയാണ് സെബിക്കെതിരെ കോടതിയെ സമീപിച്ചത്.

സമയക്രമം ലംഘിച്ചു

യു.എസ് ആസ്ഥാനമായ ഹിന്‍ഡന്‍ബെര്‍ഗ് കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തുടര്‍ന്നു നല്‍കിയ ഹര്‍ജികളിലാണ് സെബിയോട് അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് 2023 ഓഗസ്റ്റ് 14നകം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി മേയില്‍ സെബിയോട് നിര്‍ദ്ദേശിച്ചിരുന്നു. പിന്നീട് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സെബി വീണ്ടും 15 ദിവസം കൂടി ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 25ന് സെബി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൊത്തത്തില്‍ 24 അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ 22 അന്വേഷണങ്ങള്‍ അന്തിമഘട്ടത്തിലെത്തിയെന്നും സെബി കേടതിയെ അറിയിച്ചു. എന്നാല്‍ സമയപരിധി നീട്ടി നല്‍കിയിട്ടും 'അന്തിമ റിപ്പോര്‍ട്ട്' എന്ന കോടതിയുടെ നിര്‍ദ്ദേശം പാലിക്കുന്നതില്‍ സെബി പരാജയപ്പെട്ടു. സുപ്രീം കോടതി പറഞ്ഞ സമയക്രമം ലംഘിച്ചതിനാണ് സെബിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

ഒ.സി.ആര്‍.പി റിപ്പോര്‍ട്ടും ചര്‍ച്ചയായി

ഓഹരിയില്‍ കൃത്രിമം ആരോപിച്ച് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (ഒ.സി.ആര്‍.പി) അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ കുറിച്ചും കോടതിയില്‍ അഭിഭാഷകന്‍ വിശാല്‍ തിവാരി പരാമര്‍ശിച്ചു. ഗൗതം അദാനിയുടെ കുടുംബം മൗറീഷ്യസ് ഫണ്ടുകള്‍ വഴി സ്വന്തം കമ്പനികളില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചതായി ഈ റിപ്പോര്‍ട്ട് പറയുന്നുണ്ട്.

കൂടാതെ രണ്ട് കമ്പനി അസോസിയേറ്റ്‌സായ ചാങ് ചുങ്-ലിംഗ്, നാസര്‍ അലി ഷാബന്‍ അഹ്ലി എന്നിവര്‍ 2013 മുതല്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വലിയ നിക്ഷേപം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കൃത്രിമങ്ങളെ കുറിച്ചും രഹസ്യ നിക്ഷേപങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും അഭിഭാഷകന്‍ വിശാല്‍ തിവാരി കോടതിയോട് ആവശ്യപ്പെട്ടു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it