അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്: സെബി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കുന്നത് നീട്ടി സുപ്രീംകോടതി

അദാനി ഗ്രൂപ്പിനെതിരായ രണ്ട് ആരോപണങ്ങള്‍ക്ക് ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും അന്വേഷണം പൂര്‍ത്തിയായെന്ന് സെബി
supreme court and adani
Image:dhanamfile
Published on

അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കുന്നത് നീട്ടി സുപ്രീംകോടതി. ഓഗസ്റ്റ് 25നായിരുന്നു സുപ്രീം കോടതിയില്‍ സെബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഓഗസ്റ്റ് 14ന് സെബിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 15 ദിവസം കൂടി സമയം ചോദിച്ച സെബി ഓഗസ്റ്റ് 25ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

രണ്ട് ആരോപണങ്ങള്‍ ഒഴികെ

അന്വേഷണത്തിന്റെ പുരോഗതിയെ കുറിച്ച് സെബിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. അദാനി ഗ്രൂപ്പിന്റെ ബിസിനസുകളുമായി ബന്ധപ്പെട്ട് 24 അന്വേഷണങ്ങള്‍ മൊത്തത്തില്‍ നടന്നിരുന്നു. അദാനി ഗ്രൂപ്പിനെതിരായ രണ്ട് ആരോപണങ്ങള്‍ക്ക് ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും അന്വേഷണം പൂര്‍ത്തിയായെന്ന് സെബി സുപ്രീംകോടതിയെ അറിയിച്ചു.

വിദേശ കമ്പനികള്‍ വഴി നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട കാര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ളത്. 13 വിദേശ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍ ഭൂരിഭാഗവും നികുതി ഇളവ് ലഭിക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ളതാണ്. സെബിയുടെ പ്രാഥമിക അന്വേഷണം 13 അന്താരാഷ്ട്ര കമ്പനികളെ കേന്ദ്രീകരിച്ചായിരുന്നു. ഇവയ്ക്കെല്ലാം അദാനിയുമായി ബന്ധമുണ്ടായിരുന്നു.

ഈ വിദേശ നിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങള്‍ അഞ്ച് രാജ്യങ്ങളില്‍ നിന്ന് ലഭിക്കാനുണ്ടെന്ന് സെബി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സെബി. അതിന് ശേഷമായിരിക്കും വാദം തുടങ്ങുകയെന്നാണ് സൂചന. അന്വേഷണത്തിന്റെ ഫലം അടിസ്ഥാനമാക്കി സെബി ഉചിതമായ നടപടി സ്വീകരിക്കുമെന്നും സെബി സുപ്രീം കോടതിയിസല്‍ നല്‍കിയ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആരോപണങ്ങളേറെ

ഓഹരി വിലയില്‍ കൃത്രിമം കാണിച്ചു എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിലും പരാജയപ്പെട്ടു എന്ന ആരോപണവുമുണ്ടായിരുന്നു. ഇന്‍സൈഡര്‍ ട്രേഡിങ്ങ് ചട്ടങ്ങള്‍ ലംഘിച്ചു എന്ന ആരോപണവും അദാനിയും ബിസിനസ് ഗ്രൂപ്പ് നേരിടുന്നുണ്ട്. ഈ വിഷയത്തില്‍ എല്ലാം അന്വേഷണം പൂര്‍ത്തിയായതായി സെബി അറിയിച്ചു.

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരും വിദേശ സ്ഥാപന നിക്ഷേപകരും ഉള്‍പ്പെടെ 12 കമ്പനികളാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളുടെ ഹ്രസ്വകാല വിറ്റഴിക്കലിലെ ഏറ്റവും ഉയര്‍ന്ന ഗുണഭോക്താക്കളെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഓഹരികള്‍ വില്‍ക്കാന്‍ കടമെടുക്കുകയും പിന്നീട് വില കുറയുമ്പോള്‍ തിരികെ വാങ്ങുകയും ചെയ്യുന്ന രീതിയാണ് ഷോര്‍ട്ട് സെല്ലിംഗ് അഥവാ ഹ്രസ്വകാല വിറ്റഴിക്കല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com