ഭക്ഷ്യഎണ്ണ കമ്പനി വിറ്റൊഴിയാന്‍ അദാനി; ലക്ഷ്യം മറ്റ് പദ്ധതികള്‍ക്ക് പണം കണ്ടെത്തല്‍

അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പെടെ മറ്റ് പദ്ധതികള്‍ക്ക് പണം കണ്ടെത്താനായി അദാനി വില്‍മറിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാന്‍ അദാനി ഗ്രൂപ്പിന്റെ നീക്കം. അദാനി വില്‍മറില്‍ അദാനി ഗ്രൂപ്പിന് 43.97 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇത് മുഴുവന്‍ വിറ്റൊഴിയാന്‍ ആഗോള കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികളുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന. ഈ ഓഹരി വില്‍പ്പനയലൂടെ 250-300 കോടി ഡോളറാണ് (20,800-24,960 കോടി രൂപ) പ്രതീക്ഷിക്കുന്നതെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഫോര്‍ച്യൂണ്‍ ബ്രാന്‍ഡായ ഭക്ഷ്യ എണ്ണ ഉത്പാദകരായ അദാനി വില്‍മര്‍ ഗ്രൂപ്പും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മര്‍ ഇന്റര്‍നാഷണലുമായി ചേര്‍ന്ന് 1999 ജനുവരിയിലാണ് അദാനി വില്‍മര്‍ സംയുക്ത സംരംഭത്തിന് തുടക്കമിട്ടത്. 43.87 ശതമാനമാണ് കമ്പനിയില്‍ വില്‍മറിന്റെ ഓഹരി പങ്കാളിത്തം.

ഊന്നല്‍ അടിസ്ഥാന സൗകര്യ വികസനത്തിന്

അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഭക്ഷ്യ എണ്ണ ബ്രാന്‍ഡില്‍ നിന്ന് പുറത്തുകടക്കാന്‍ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.

അദാനി വില്‍മറിന് ഇന്ത്യയില്‍ 10 സംസ്ഥാനങ്ങളിലായി 23 പ്ലാന്റുകളുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി 131 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ വാര്‍ഷിക വരുമാനം 13.3% ഇടിഞ്ഞ് 12,267.15 രൂപയായി.

നിലവില്‍ 41,000 കോടി രൂപയാണ് അദാനി വില്‍മറിന്റെ വിപണിമൂല്യം. 43.97 ശതമാനം ഓഹരി പങ്കാളിത്തം പൂര്‍ണമായി വിറ്റൊഴിയുന്നതിലൂടെ 250-300 കോടി ഡോളര്‍ (20,800-24,900 കോടി രൂപ) സമാഹരിക്കാമെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍. ഓഹരിക്ക് നിലവിലെ വിലയേക്കാള്‍ 15 മുതല്‍ 38 ശതമാനം വരെ അധികവില നേടാനാകുമെന്നും അദാനി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്.

Related Articles
Next Story
Videos
Share it