അംബുജ സിമന്റ്സില്‍ ₹8,339 കോടി അധികമായി നിക്ഷേപിച്ച് അദാനി; ഓഹരി പങ്കാളിത്തം 70% കടന്നു

ഗൗതം അദാനിയുടെ കുടുംബം അംബുജ സിമന്റ്സിലേക്ക് 8,339 കോടി രൂപ അധികമായി നിക്ഷേപിച്ചു. അംബുജ സിമന്റ്സിന്റെ പ്രൊമോട്ടര്‍മാരായ അദാനി കുടുംബത്തിന് നിലവില്‍ കമ്പനിയിലുള്ള മൊത്തം നിക്ഷേപം 20,000 കോടി രൂപയായി. ഓഹരി പങ്കാളിത്തം 63.2 ശതമാനത്തില്‍ നിന്ന് 70.3 ശതമാനമായും വര്‍ധിച്ചു.

പ്രാഥമിക നിക്ഷേപം മാത്രം

അദാനി കുടുംബം 2022 ഒക്ടോബറില്‍ അംബുജ സിമന്റ്സില്‍ 5,000 കോടി രൂപയും 2024 മാര്‍ച്ചില്‍ 6,661 കോടി രൂപയും നിക്ഷേപിച്ചിരുന്നു. 20,000 കോടി രൂപയെന്നത് അംബുജയില്‍ അദാനി കുടുംബത്തിന്റെ പ്രാഥമിക നിക്ഷേപം മാത്രമാണ്. 2028ഓടെ കമ്പനിയെ പ്രതിവര്‍ഷം 140 ദശലക്ഷം ടണ്‍ ശേഷി കൈവരിക്കുന്ന തലത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

ഇതിനായി നിലവില്‍ പണം നിക്ഷേപിക്കേണ്ടത് പ്രധാനമാണെന്ന് അംബുജ സിമന്റ്സിന്റെ ഡയറക്ടറും സി.ഇ.ഒയുമായ അജയ് കപൂര്‍ പറഞ്ഞു. ശേഷി വര്‍ധിപ്പിക്കുന്നതിനു പുറമേ വിതരണശൃംഖലയിലുടനീളം കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ തുക വിനിയോഗിക്കും.

സിമന്റ് മേഖലയിലേക്ക്

സ്വിസ് കമ്പനിയായ ഹോള്‍സിമില്‍ നിന്ന് 2022ലാണ് 10.5 ബില്യണ്‍ ഡോളറിന് (ഏകദേശം 86,000 കോടി രൂപ) അദാനി ഗ്രൂപ്പ് അംബുജയും എ.സി.സിയും വാങ്ങിയത്. നിലവില്‍ അംബുജ സിമന്റ്‌സിന്റെ അനുബന്ധ സ്ഥാപനങ്ങളായ എ.സി.സിക്കും സാംഘി ഇന്‍ഡസ്ട്രീസിനും രാജ്യത്തുടനീളം 18 സംയോജിത സിമന്റ് നിര്‍മ്മാണ പ്ലാന്റുകളും 19 സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളുമുണ്ട്. അദാനി ഗ്രൂപ്പിന്റെ സിമന്റ് നിര്‍മ്മാണശേഷി പ്രതിവര്‍ഷം 78.9 ദശലക്ഷം ടണ്ണാണ്.

എന്‍.എസ്.ഇയില്‍ 1.55 ശതമാനം ഉയര്‍ന്ന് 627.10 രൂപയില്‍ (11:45am) അംബുജ സിമന്റ്സ് ഓഹരികളുടെ വ്യാുപാരം പുരോഗമിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it