

കേന്ദ്ര സര്‍ക്കാരിന്റെ വൈറ്റ് ഗുഡ് പിഎല്‍ഐ (production linked incentive) സ്‌കീമിന്റെ അന്തിമ പട്ടികയില്‍ ഇടം നേടി 15 കമ്പനികള്‍. 1368 കോടിയുടെ നിക്ഷേപമാണ് കമ്പനികള്‍ നടത്തുന്നത്. എസി, എല്‍ഇഡി ലൈറ്റ് എന്നിവയാണ് പിഎല്‍ഐ സ്‌കീമിന് കീഴില്‍ നിര്‍മിക്കുക.
എസി നിര്‍മിക്കാന്‍ മുന്നോട്ടുവന്ന 6 കമ്പനികള്‍ 908 കോടി രൂപയാണ് നിക്ഷേപിക്കുക. അദാനി കോപ്പര്‍ ട്യൂബ്‌സ് (Adani Copper Tubes) 408 കോടി രൂപയാണ് എസി നിര്‍മ്മാണത്തിനായി ചെലവഴിക്കുക. എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ 300 കോടിയുടെ നിക്ഷേപം നടത്തും. സ്റ്റേറിയണ്‍ ഇന്ത്യ, കെയ്ന്‍സ് ടെക്‌നോളജി ഇന്ത്യ, മിറ്റ്‌സ്ബുഷി ഇലക്ട്രിക് ഇന്ത്യ, സ്വാമിനാഥന്‍ എന്റര്‍പ്രൈസസ് എന്നീ കമ്പനികള്‍ 50 കോടി വീതമാണ് നീക്കിവെയ്ക്കുന്നത്.
എല്‍ഇഡി ലൈറ്റുകള്‍ നിര്‍മിക്കാന്‍ ഒമ്പത് കമ്പനികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. 460 കോടി രൂപയാണ് ഈ മേഖലയിലെ ആകെ നിക്ഷേപം. 360 കോടി രൂപ വിനിയോഗിക്കുന്ന ജിന്‍ഡാല്‍ പോളി ഫിലിംസ് ആണ് നിക്ഷേപത്തില്‍ മുന്നില്‍. വിപ്രോ (12 കോടി), ക്രോംപ്ടണ്‍ (10.15 കോടി), ലൂമെന്‍സ് എയര്‍കോണ്‍ ( 10.50 കോടി) തുടങ്ങിയ കമ്പനികളും എല്‍ഇഡി ലൈറ്റുകള്‍ നിര്‍മിക്കാന്‍ രംഗത്തുണ്ട്.
46 അപേക്ഷകരില്‍ നിന്നാണ് 15 കമ്പനികളെ കേന്ദ്രം തെരഞ്ഞെടുത്തത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഈ കമ്പനികള്‍ 25,583 കോടിയുടെ ഉല്‍പ്പാദനം നടത്തുമെന്നാണ് പ്രതീക്ഷ. നേരിട്ട് ഏകദേശം 4,000 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ ശേഷിയുള്ള പദ്ധതിയാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine