അദാനി തിരുവനന്തപുരത്ത് സ്ഥലമെടുക്കുന്നു; ഹോട്ടല്‍, ചില്ലറ വ്യാപാര മേഖലകളില്‍ ചുവടുറപ്പിക്കാന്‍

അദാനി ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി, റീറ്റെയ്ല്‍ രംഗത്ത് വന്‍ വികസന ലക്ഷ്യവുമായി 7 നഗരങ്ങളില്‍ സ്ഥലങ്ങള്‍ ഏറ്റെടുത്തു. വിമാനത്താവളങ്ങള്‍ക്ക് സമീപം ഷോപ്പിംഗ് കേന്ദ്രങ്ങള്‍, ഭക്ഷണ ശാലകള്‍, മള്‍ട്ടിപ്‌ളെക്‌സ്, സ്പാ തുടങ്ങിയ സൗകര്യങ്ങളാണ് സജ്ജമാക്കുന്നത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി റിയല്‍റ്റിയാണ് റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി മേഖലയുടെ മേല്‍നോട്ടം നടത്തുന്നത്.

മുംബൈ, ലക്‌നൗ, അഹമ്മദാബാദ്, നവി മുംബൈ, ജയ്പൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പുതിയ വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. മുംബൈ വിമാനത്താവളത്തിന് സമീപം 160 ഏക്കര്‍, ലക്നൗവില്‍ 100 ഏക്കര്‍, നവി മുംബൈയില്‍ 200 ഏക്കര്‍, ജയ്പൂര്‍ 17 ഏക്കര്‍ എന്നിങ്ങനെയാണ് സ്ഥലമേറ്റെടുക്കുന്നത്. തിരുവനന്തപുരത്ത് 2 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി പ്രവേശനം ശക്തമാക്കുന്നതിനായി ഫുഡ് ആന്‍ഡ് ബിവറേജസ് അടക്കമുള്ള മേഖലകളില്‍ ജോലി ചെയ്യുന്നതിനായി ആളുകളെ തേടി ലിങ്കഡ് ഇന്‍ പോലുള്ള സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്തിട്ടുണ്ട്.
വിമാനത്താവള നവീകരണവും
നിലവില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്ന മുംബൈ, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ വികസന പ്രവര്‍ത്തനത്തിനായി വമ്പിച്ച മൂലധന നിക്ഷേപം അടുത്ത 5-10 വര്‍ഷങ്ങളില്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ലക്നൗ വിമാനത്താവളത്തില്‍ 80 ലക്ഷം യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന ലോക നിലവാരത്തിലുള്ള ടെര്‍മിനലിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. 7 വിമാനത്താവളങ്ങളില്‍ 10 പുതിയ റൂട്ടുകള്‍, 7 പുതിയ വിമാന സര്‍വീസുകള്‍, 18 പുതിയ ഫ്ളൈറ്റുകള്‍ എന്നിവ ആരംഭിച്ചിട്ടുമുണ്ട്.


Related Articles

Next Story

Videos

Share it