ജെറ്റ് എയര്‍വേയ്‌സ് സ്വന്തമാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സ് സ്വന്തമാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. രാജ്യത്തെ ആറു രാജ്യാന്തര വിമാനത്താവളങ്ങളുടെ നടത്തിപ്പ് അധികാരം ലേലത്തിലൂടെ നേടിയ അദാനി ഗ്രൂപ്പ് എയര്‍ലൈന്‍ ബിസിനസ് മേഖലയിലേക്ക് കടക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
സാമ്പത്തികമായി തകര്‍ന്നു പോയ ജെറ്റ് എയര്‍വേയ്‌സിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്ന് നിന്ന് ഉടമകളായ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും അടുത്തിടെയാണ് പടിയിറങ്ങിയത്. മാര്‍ച്ച് 25ന് ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗ് ജെറ്റ് എയര്‍വേയ്്സ് പുതിയ മാനേജ്‌മെന്റിന് കൈമാറാനുള്ള തീരുമാനം എടുത്തിരുന്നു.
കൂടാതെ താല്‍ക്കാലിക ചുമതല ബാങ്കിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മാനേജ്‌മെന്റ് കമ്മിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് പുതിയ മാനേജ്‌മെന്റിനെ തേടിയുള്ള കരാര്‍ ക്ഷണിച്ചത്.
അഹമ്മദാബാദ്, ലക്‌നോ, ജയ്പൂര്‍, തിരുവനന്തപുരം, മംഗലാപുരം, ഗുവാഹട്ടി എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് ചുമതലയാണ് ഫെബ്രുവരിയില്‍ അദാനി ഗ്രൂപ്പ് നേടിയെടുത്തത്. ഇതിനു പുറമേയാണ് ജെറ്റ് എയര്‍വേയ്‌സ് സ്വന്തമാക്കാനായി അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.