ഹിന്ദുസ്ഥാന്‍ ലാറ്റെക്സിനെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കി അദാനി; മത്സര രംഗത്ത് കേരളത്തില്‍ നിന്നുള്ള കമ്പനിയും

വിമാനത്താവളങ്ങള്‍, തുറമുഖം,  ഊര്‍ജ്ജം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പടെ വിവിധ മേഖലകളിലായി 2014 മുതല്‍ 30 സ്ഥാപനങ്ങളെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്

പ്രശസ്ത കോണ്ടം ബ്രാന്‍ഡായ മൂഡ്‌സ് നിര്‍മിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിനെ (എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍) ഏറ്റെടുക്കാന്‍ കരുക്കള്‍ നീക്കി അദാനി ഗ്രൂപ്പ് (Adani Group). ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ഏക പൊതുമേഖലാ സ്ഥാപനമാണ് എച്ച്എല്‍എല്‍ (HLL Lifecare Limited).

അദാനിയെക്കൂടാതെ അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ്, പിരമല്‍ ഗ്രൂപ്പ്, മേഘാ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്, അകംസ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ പത്തോളം കമ്പനികളാണ് എച്ച്എല്‍എല്ലിനായുള്ള കേന്ദ്രത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. മലയാളികള്‍ നേതൃത്വം നല്‍കുന്ന ഒരു ഗ്രൂപ്പും എച്ച്എല്‍എല്ലിനെ ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ കെഎസ്‌ഐഡിസി വഴി എച്ച്എല്‍എല്ലിന്റെ കേരളത്തിലെ ആസ്തികള്‍ ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ബാധ്യതകള്‍ ഉള്‍പ്പെടെ സ്ഥാപനത്തെ മൊത്തമായി ഏറ്റെടുക്കണം എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. നേരത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെയും, ഭെല്‍ ഇഎംഎല്ലിനെയും കേരളം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന, വലിയ സാധ്യതകളുള്ള കമ്പനിയാണ് 1969ല്‍ പ്രവര്‍ത്തനം ആരംഭിച്ച എച്ച്എല്‍എല്‍.

കഴിഞ്ഞ വര്‍ഷം 5081.31 കോടി രൂപയുടെ വിറ്റുവരവ് നേടിയ കമ്പനിയുടെ ലാഭം 112.33 കോടി രൂപ ആയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ലാബുകളും ഫാര്‍മസികളും ബല്‍ഗാം, ഗോവ, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ഫാക്ടറികളും എച്ച്എല്‍എല്ലിന് ഉണ്ട്. നാല് ഫാക്ടറികളും കമ്പനിക്ക് കേരളത്തലുണ്ട്. മിനി രത്ന പദവിയുള്ള കമ്പനിയെ സ്വാകാര്യവത്കരിക്കാന്‍ 2018ല്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരും കുടുംബ ക്ഷേമ മന്ത്രാലയവും എതിര്‍പ്പ് അറിയിച്ചതാണ്. സംസ്ഥാനത്തെ എച്ച്എല്‍എല്‍ ലേല നടപടികളില്‍ പങ്കെടുപ്പിക്കാത്തിതില്‍ പ്രതിഷേധിച്ച്് മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിക്ക് കത്തയിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം കേരളത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ സമ്മര്‍ദ്ദ ശ്രമങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.

എച്ച്എല്‍എല്‍ കൂടി ഏറ്റെടുത്താല്‍ കേരളത്തില്‍ മൂന്ന് മേഖലകളില്‍ സാന്നിധ്യമുള്ള സ്ഥാപനമായി അദാനി ഗ്രൂപ്പ് മാറും. നിലവില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട്, വിഴിഞ്ഞം തുറമുഖം എന്നിവയാണ് കേരളത്തിലെ അദാനി ഗ്രൂപ്പ് സാന്നിധ്യങ്ങള്‍. കഴിഞ്ഞ മാസമാണ് അദാനി ഗ്രൂപ്പ്, അദാനി ഹെല്‍ത്ത് വെഞ്ചേഴ്‌സ് ലിമിറ്റഡിനെ (എവിഎച്ച്എല്‍) അദാനി എന്റര്‍പ്രൈസസില്‍ ലയിപ്പിച്ചത്. എച്ച്എല്‍എല്ലിനെ മുന്നില്‍ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പായാണ് ഈ നീക്കത്തെ പലരും കാണുന്നത്.

ആശുപത്രികള്‍ ഉള്‍പ്പടെ മെഡിക്കല്‍ രംഗത്തെ ആസ്തികള്‍ ഏറ്റെടുക്കാനാണ് എവിഎച്ച്എല്ലിന്റെ പദ്ധതിയെന്ന് അദാനി ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ ലാറ്റക്സിന് സാന്നിധ്യമുള്ള ഹെല്‍ത്ത്കെയര്‍ രംഗത്തെ എല്ലാ മേഖലകളും ആദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് കെയര്‍ ഉപകരണങ്ങള്‍, ഡയഗ്‌നോസ്റ്റിക് ലാബുകള്‍, പ്രസവ ആശുപത്രികള്‍ തുടങ്ങി വിപുലമായ ആരോഗ്യ ശൃംഖലയാണ് എച്ച്എല്‍എല്ലിന് ഉള്ളത്്.

ഹെല്‍ത്ത്കെയര്‍ രംഗത്തെ വിപണി ലക്ഷ്യമിട്ട് 4 ബില്യണ്‍ ഡോളറാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. എച്ചഎല്‍എല്‍ സ്വന്തമാക്കാനായാല്‍ ഹെല്‍ത്ത്കെയര്‍ രംഗത്തെ വിവിധ മേഖലകളിലേക്ക് അദാനിക്ക് എളുപ്പം കടന്നുചെല്ലാനാവും. ഡയഗ്‌നോസ്റ്റിക് ലാബുകളുടെ മള്‍ട്ടിനാഷണല്‍ ശൃംഖലയായ മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിനെ ഏറ്റെടുക്കാനും അദാനി ഗ്രൂപ്പ് ശ്രമം നടത്തുന്നുണ്ട്.

സ്വിസ് കമ്പനി ഹോള്‍സിം ലിമിറ്റഡില്‍ നിന്ന് അംബുജ സിമന്റ്സും എസിസി ലിമിറ്റഡും ഏറ്റടെുത്തതോടെ അടുത്തിടെ രാജ്യത്തെ രണ്ടാമത്തെ വലിയ രണ്ടാമത്തെ സിമന്റ് നിര്‍മാതാക്കളായി അദാനി ഗ്രൂപ്പ് മാറിയിരുന്നു. 2014 മുതല്‍ വിമാനത്താവളങ്ങള്‍, തുറമുഖം, ഊര്‍ജ്ജം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പടെ വിവിധ മേഖലകളിലായി 30 സ്ഥാപനങ്ങളെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.

കുടുംബാസൂത്രണത്തിന്റെ ഭാഗമായി രാജ്യത്തെ ആദ്യ കോണ്ടം ബ്രാന്‍ഡ് നിരോധ് പുറത്തിറക്കിയ സ്ഥാപനമാണ് എച്ച്എല്‍എല്‍. കോവിഡ് കാലത്ത് എച്ച്എല്‍എല്ലിനെ മരുന്നുകളുടെയും മറ്റ് ഉപകരണങ്ങളുടെയും സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായും കേന്ദ്രം തെരഞ്ഞെടുത്തിരുന്നു.സ്വകാര്യ ഗ്രൂപ്പുകളുടെ കൈകളിലേക്ക് കമ്പനി എത്തുമ്പോള്‍ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തന രീതിയിലേക്ക് എച്ച്എല്‍എല്‍ മാറും.

നാലായിരം ജീവനക്കാരും കരറടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്ന അയ്യായിരത്തോളം പേരുമാണ് എച്ചഎല്‍എല്ലില്‍ ഉള്ളത്. സ്വകാര്യവത്കരണത്തിന് മുന്നോടിയായി തൊഴിലാളികളുമായി ദീര്‍ഘകാല ശമ്പളക്കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.2016 മുതല്‍ 22 ശതമാനം നിരക്കിലാണ് രാജ്യത്തെ ഹെല്‍ത്ത്‌കെയര്‍ രംഗം വളരുന്നത്. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ 372 ബില്യണ്‍ ഡോളറിന്റെ വിപണിയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ഹെല്‍ത്ത്‌കെയര്‍ രംഗത്ത് ഇത്ര വലിയ വിപണി നിലനില്‍ക്കെയാണ് പൂർണമായും കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച്എല്‍എല്ലിനെ സ്വകാര്യവത്കരിക്കുന്നത് എന്നതും ശ്രദ്ധയമാണ്.

Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it