മൊത്തമായും ചില്ലറയായും അദാനി... അടുത്തത് റീട്ടെയില്‍, ഫുഡ് ആന്റ് ബിവറേജസ്; ആദ്യം വിമാനത്താവളങ്ങളില്‍

അദാനി എയർപോർട്ട് ഹോൾഡിംഗ്സിന് നിലവിൽ രാജ്യത്ത് എട്ട് വിമാനത്താവളങ്ങളാണ് ഉളളത്
adani, retail
Image courtesy: Canva
Published on

റീട്ടെയില്‍, ഭക്ഷ്യ സേവന മേഖലയിലേക്ക് വന്‍ ചുവടുവെപ്പുമായി അദാനി ഗ്രൂപ്പ്. ചില്ലറ വിൽപ്പനശാലകളുടെയും ഭക്ഷണ പാനീയ (food and beverage) ഔട്ട്‌ലെറ്റുകളുടെയും ശൃംഖല തുറക്കാനാണ് അദാനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷത്തോടെ വിമാനത്താവളങ്ങളില്‍ 270 ചില്ലറ വിൽപ്പനശാലകളും 50 എഫ് & ബി ഔട്ട്‌ലെറ്റുകളും കമ്പനി തുറക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള വിമാനത്താവളങ്ങളിലാണ് റീട്ടെയില്‍ ഷോപ്പുകള്‍ തുറക്കുക. അടുത്ത ഘട്ടത്തില്‍ ഹൈവേകളിലും ഷോപ്പിംഗ് മാളുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

മത്സരം കടുക്കും

അദാനിയുടെ കടന്നു വരവോടെ റീട്ടെയില്‍ മേഖലയില്‍ മത്സരം കടുക്കുമെന്നാണ് വിലയിരുത്തലുകള്‍. ഡൊമിനോസ്, യം ബ്രാൻഡ്സ്, ടാറ്റ ഗ്രൂപ്പ്, റിലയൻസ് തുടങ്ങിയവയാണ് നിലവില്‍ ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്.

ഇലക്ട്രോണിക്സ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, മദ്യം, ശീതള പാനീയങ്ങൾ, കോഫി, ലൈഫ്സ്റ്റെല്‍ ഉൽപ്പന്നങ്ങൾ തുടങ്ങിയവയായിരിക്കും റീട്ടെയില്‍ ഷോപ്പുകളില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക. വിമാനത്താവളങ്ങളിലെ വ്യോമയാനേതര വരുമാനം വലിയ തോതില്‍ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോപ്പുകള്‍ തുറക്കുന്നത്.

വിമാനത്താവളങ്ങള്‍

അദാനി എന്റർപ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയർപോർട്ട് ഹോൾഡിംഗ്സിന് നിലവിൽ രാജ്യത്ത് എട്ട് വിമാനത്താവളങ്ങളാണ് ഉളളത്. ഇതില്‍ ഏഴെണ്ണം നിലവില്‍ പൂർണമായും പ്രവർത്തനക്ഷമമാണ്.

സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം (അഹമ്മദാബാദ്), ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം (ലഖ്‌നൗ), മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം (മുംബൈ), ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, ലോക്പ്രിയ ഗോപിനാഥ് ബൊർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളം (ഗുവാഹത്തി), തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് അവ.

6.97 കോടി യാത്രക്കാരാണ് ഡിസംബർ വരെയുള്ള ഒമ്പത് മാസത്തിനുള്ളിൽ ഈ എയര്‍പോര്‍ട്ടുകളിലൂടെ കടന്നു പോയത്. അതേസമയം ഈ യാത്രക്കാരെ അനുഗമിക്കുന്ന ആളുകളുടെ എണ്ണം ഇതിന്റെ ഇരട്ടിയിലധികം വരുമെന്നാണ് കണക്കാക്കുന്നത്. ഇവരുടെ ബജറ്റിന് യോജിച്ച ഓപ്ഷനുകള്‍ ഇല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടിലെത്തുന്ന നാലിൽ മൂന്ന് പേരും വിമാനത്താവളത്തിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നില്ല. ഈ സാധ്യത കൂടി മുന്നില്‍ കണ്ടാണ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുമായി അദാനി എത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com