അദാനി ഗ്രൂപ്പില്‍ നിന്ന് ആദ്യത്തെ ഓഹരി വിഭജനം വരുന്നു, ഓഹരി ഒന്നിന് ലഭിക്കും അഞ്ചെണ്ണം, നിങ്ങള്‍ക്കുണ്ടോ ഈ ഓഹരിയില്‍ നിക്ഷേപം?

ഓഹരി വിഭജനത്തിനുള്ള റെക്കോഡ് ഡേറ്റ് ഇനിയും തീരുമാനിച്ചിട്ടില്ല
അദാനി ഗ്രൂപ്പില്‍ നിന്ന് ആദ്യത്തെ ഓഹരി വിഭജനം വരുന്നു, ഓഹരി ഒന്നിന് ലഭിക്കും അഞ്ചെണ്ണം, നിങ്ങള്‍ക്കുണ്ടോ ഈ ഓഹരിയില്‍ നിക്ഷേപം?
Published on

ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പില്‍ (Adani Group) നിന്ന് ആദ്യമായൊരു കമ്പനി ഓഹരി വിഭജനം (Stock Split) പ്രഖ്യാപിച്ചു. ഊര്‍ജ മേഖലയിലെ കമ്പനിയായ അദാനി പവറാണ് (Adani Power Ltd ) ഓഹരി വിഭജനം പ്രഖ്യാപിച്ചിരിക്കുന്നത്. ഓഹരിയൊന്നിന് അഞ്ച് (1:5) എന്ന അനുപാതത്തിലാണ് ഓഹരി വിഭജനം. അതായത് അദാനി പവറിന്റെ ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് അഞ്ച് ഓഹരികള്‍ ലഭിക്കും. കൈവശമുള്ള ഓഹരിയുടെ മൂല്യത്തില്‍ മാറ്റം വരികയില്ല.

10 രൂപ മുഖ വിലയുള്ള ഓഹരികളെ രണ്ടു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതായി ഇന്നലെ അദാനി പവര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ഓഹരിയുടമകളുടെ അനുമതിക്ക് ശേഷമാകും ഇത് നടപ്പാകുക. അനുമതി ലഭിച്ചാല്‍ അദാനി കമ്പനിയില്‍ നിന്നുള്ള ആദ്യ ഓഹരി വിഭജനം ആകുമിത്.

ഓഹരി വിഭജനത്തിനായുള്ള റെക്കോഡ് ഡേറ്റ് (Record Date) ഇനിയും പ്രഖ്യാപിച്ചിട്ടില്ല. റെക്കോഡ് ഡേറ്റില്‍ ഓഹരികള്‍ കൈവശം വയ്ക്കുന്നവര്‍ക്കായിരിക്കും സ്‌റ്റോക്ക് സ്പ്ലിറ്റ് ലഭിക്കുക.

'കമ്പനിയുടെ ഇക്വിറ്റി ഷെയറുകളുടെ ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഓഹരി വിഭജനമെന്ന് കമ്പനി പറയുന്നു.

എന്താണ് സ്‌റ്റോക്ക് സ്പ്ലിറ്റ് അഥവാ ഓഹരി വിഭജനം?

കമ്പനികള്‍ അവരുടെ ഓഹരികളുടെ ലിക്വിഡിറ്റി കൂട്ടാനായാണ് സ്‌റ്റോക്ക് സ്പ്ലിറ്റ് പ്രഖ്യാപിക്കുന്നത്. മൊത്തം ഓഹരികളുടെ എണ്ണത്തില്‍ ഇത് വര്‍ധന വരുത്തുമെങ്കിലും കമ്പനിയുടെ മൊത്തം വിപണിമൂല്യത്തില്‍ മാറ്റമുണ്ടാക്കില്ല. നിക്ഷേപകര്‍ക്ക് കുറഞ്ഞവിലയില്‍ ഓഹരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം ഓഹരിക്ക് കൂടുതല്‍ മുന്നേറ്റത്തിനുള്ള സാധ്യതയും ഇതുവഴി ഉണ്ടാകുന്നു.

ഉദാഹരണത്തിന്‌ ഒരു ഓഹരിയുടമയുടെ കൈവശം 100 രൂപ വിലയുള്ള 10 ഓഹരികളുണ്ടെങ്കില്‍ സ്റ്റോക്ക് സ്പ്ലിറ്റിനു ശേഷം ഇത് 20 രൂപ മൂല്യമുള്ള 50 ഓഹരികളായി മാറും. കൈവശമുള്ള മൊത്തം ഓഹരികളുടെ മൂല്യം 1,000 രൂപ തന്നെയായിരിക്കും. വിഭജന ശേഷം ഓഹരിയുടെ വില കൂടുതല്‍ താങ്ങാവുന്ന നിലയിലേക്ക്‌ എത്തും. 564.40 രൂപയാണ് ഓഹരിയുടെ നിലവിലെ വില.

ലാഭവും ഓഹരി വിലയും ഇടിവില്‍

അദാനി പവര്‍ 2026 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 3,384 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.5 ശതമാനം ഇടിവുണ്ടായി. വരുമാനം ഇക്കാലയളവില്‍ ആറ് ശതമാനം കുറഞ്ഞ് 14,109 കോടി രൂപയുമായി.

അദാനി പവര്‍ ഓഹരികള്‍ ഇന്നലെ നാല് ശതമാനത്തോളം ഇടിഞ്ഞ് 564.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയുടെ ഇടിവ് 22.16 ശതമാനമാണ്.

Adani Power announces its first-ever stock split, offering five shares for each existing one to enhance liquidity and investor accessibility.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com