23,000 കോടിയുടെ ധാരാവി നവീകരണ പദ്ധതി അദാനി ഗ്രൂപ്പിന്

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ 23,000 കോടി രൂപ ചെലവിട്ട് നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല അദാനി ഗ്രൂപ്പിന് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ചേരിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അദാനി റിയല്‍റ്റി സമര്‍പ്പിച്ച പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ആദ്യഘട്ടം 7 വര്‍ഷത്തിനുള്ളില്‍

കഴിഞ്ഞ നവംബറിലാണ് ധാരാവിയുടെ വികസനത്തിനായി സര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചത്. ഇതോടെ അദാനി റിയല്‍റ്റി, ഡി.എല്‍.എഫ്, നമന്‍ ഗ്രൂപ്പ് എന്നീ മൂന്ന് കമ്പനികള്‍ ചേരി നിവാസികളുടെ പുനര്‍വികസനത്തിനും പുനരധിവാസത്തിനും ബിഡ് സമര്‍പ്പിച്ചു. തുടര്‍ന്ന് ധാരാവി നവീകരണത്തിനായുള്ള ടെണ്ടര്‍ അദാനി നേടുകയായിരുന്നു. 23,000 കോടിയുടെ പദ്ധതിയുടെ ആദ്യഘട്ടം ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 17 വര്‍ഷത്തിനുള്ളിലാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്.

പത്തുലക്ഷത്തിലധികം പേര്‍

300 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ധാരാവി, മരുന്നുകള്‍, തുകല്‍ വസ്തുക്കള്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചെറുകിട, അസംഘടിത വ്യവസായങ്ങളുടെ ഒരു കേന്ദ്രമെന്ന നിലയില്‍ പ്രശസ്തമാണ്. ഇവിടെ പത്തുലക്ഷത്തിലധികം ജനങ്ങള്‍ പാര്‍ക്കുന്നുണ്ട്. വാണിജ്യ കേന്ദ്രമായ ബാന്ദ്ര കുര്‍ള കോംപ്ലക്സിനും ദക്ഷിണ മുംബൈയ്ക്കും സമീപം സെന്‍ട്രല്‍ മുംബൈയിലാണ് ധാരാവി സ്ഥിതിചെയ്യുന്നത്.


Related Articles
Next Story
Videos
Share it