ശ്രീലങ്കയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപം, കരാര്‍ ഒപ്പുവെച്ചിട്ടില്ലെന്ന് അദാനി

Photo : Canva
ശ്രീലങ്കയില്‍ ഗ്രീന്‍ എനര്‍ജി പ്രോജക്ടുകള്‍ക്കുള്ള അനുമതി ലഭിച്ചതായി സ്ഥിരീകരിച്ച് അദാനി ഗ്രൂപ്പ് (Adani Group). എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച കരാറുകളൊന്നും ഒപ്പുവെച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഗ്രൂപ്പിന് കീഴിലുള്ള അദാനി ഗ്രീന്‍ രണ്ട് പദ്ധതികള്‍ക്കായി 500 മില്യണ്‍ ഡോളറാണ് ശ്രീലങ്കയില്‍ നിക്ഷേപിക്കുന്നത്.
ശ്രീലങ്കയിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ സ്‌റ്റോക്ക് എക്‌സചേഞ്ചുകള്‍ അദാനി ഗ്രീനിനോട് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് റെഗുലേറ്ററി ഫയലിംഗില്‍ അദാനി ഗ്രീന്‍ പദ്ധതിയുടെ പുരോഗതി വിശദമാക്കിയത്. ശ്രീലങ്കയിലെ മാന്നാറിലും പൂനേരിലും യഥാക്രമം 286 മെഗാവാട്ട്, 234 മെഗാവാട്ട് കാറ്റാടിപ്പാടങ്ങളാണ് അദാനി ഗ്രീന്‍ നിര്‍മിക്കുക.
ഈ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ശ്രീലങ്കന്‍ ഊര്‍ജ്ജ മന്ത്രി കാഞ്ചന വിജശേഖര ഓഗസ്റ്റ് 16ന് ട്വീറ്റ് ചെയ്തിരുന്നു. 20,434 മെഗാവാട്ട് പ്രൊജക്റ്റ് പോര്‍ട്ട്ഫോളിയോ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിനീവബിള്‍ എനര്‍ജി കമ്പനികളിലൊന്നാണ് അദാനി ഗ്രീന്‍. 3.63 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.