എസിസി, അംബുജ സിമന്റ്സ് കടം വീട്ടാന്‍ കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്

സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ഹോള്‍സിം ഗ്രൂപ്പില്‍ നിന്ന് എസിസി, അംബുജ സിമന്റ്സ് എന്നിവ ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 400 കോടി ഡോളര്‍ വായ്പ എടുത്തിരുന്നു. ഈ വായ്പാ കുടിശ്ശികയുടെ വ്യവസ്ഥകളും നിബന്ധനകളും പുനരാലോചിക്കാന്‍ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കടം വീട്ടാന്‍ കൂടുതല്‍ സമയം വേണമെന്നതാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കാലാവധി നീട്ടണം

ഗ്രൂപ്പ് എടുത്ത വായ്പയില്‍ 300 കോടി ഡോളര്‍ വായ്പയുടെ കാലാവധി നിലവിലുള്ള 18 മാസത്തില്‍ നിന്ന് അഞ്ച് വര്‍ഷമോ അതിലധികമോ കാലയളവിലേക്ക് നീട്ടാന്‍ വായ്പക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം നിലവില്‍ 24 മാസത്തെ കാലാവധിയുള്ള മറ്റൊരു 100 കോടി ഡോളര്‍ വായ്പ അഞ്ച് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തിരിച്ചടവ് ശേഷിയുള്ള കടമായി മാറ്റാനും ഗ്രൂപ്പ് ശ്രമിക്കുന്നു.

വായ്പയുടെ കാലാവധി അഞ്ച് വര്‍ഷമായി നീട്ടുന്നതിനുള്ള നിര്‍ദ്ദേശം വായ്പാ ദാതാക്കള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും മുന്നോട്ട് പോകുമ്പോള്‍ വായ്പയുടെ വിലനിര്‍ണ്ണയത്തിലായിരിക്കും ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുക. വായ്പകളുടെ വലിയൊരു ഭാഗം ദീര്‍ഘകാല ബോണ്ടുകള്‍ വഴി തിരിച്ചടയ്ക്കാനായിരുന്നു യഥാര്‍ത്ഥ പദ്ധതി. എന്നാല്‍ നിലവിലെ വിപണി സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അത് ബുദ്ധിമുട്ടാണെന്നും വായ്പയുടെ കാലാവധി നീട്ടുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇതിനകം തിരിച്ചടച്ചത്

അംബുജ, എസിസി വായ്പകളുടെ 150 കോടി ഡോളര്‍ ഗ്രൂപ്പ് ഇതിനകം തിരിച്ചടച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ഡച്ച് ബാങ്ക്, ബാര്‍ക്ലേസ് ബാങ്ക് എന്നീ മൂന്ന് വിദേശ ബാങ്കുകളില്‍ നിന്ന് ഓഹരികള്‍ക്കെതിരായ വായ്പയായി എടുത്ത 100 കോടി ഡോളര്‍ പ്രൊമോട്ടര്‍ വായ്പകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ തുടക്കത്തില്‍ എടുത്ത 350 കോടി ഡോളര്‍ വായ്പയില്‍ 50 കോടി ഡോളറും ഗ്രൂപ്പ് മാര്‍ച്ചില്‍ തിരിച്ചടച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

Related Articles
Next Story
Videos
Share it