
അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിക്കെതിരെ വീണ്ടും യു.എസ് അന്വേഷണം. ഇറാനില്‍ നിന്ന് മുന്ദ്ര തുറമുഖം വഴി എല്‍.പി.ജി ഇറക്കുമതി ചെയ്‌തെന്നാണ് പുതിയ ആരോപണം. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (DOJ) ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ട് യു.എസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ അദാനി ഗ്രൂപ്പ് ലംഘിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്ന് പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള പാതയിലൂടെ ടാങ്കറുകള്‍ സഞ്ചരിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
ചില കപ്പലുകള്‍ വന്ന സ്ഥലം ഒളിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നും യു.എസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരുന്നു. നീല്‍ എന്നൊരു കപ്പല്‍ ഇറാഖിലാണെന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും ഏപ്രില്‍ മൂന്നിലെ സാറ്റലൈറ്റ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് ഇറാനില്‍ ആയിരുന്നെന്നാണ്. അതിനാല്‍ ഇറാനില്‍ നിന്ന് വാതകം നിറച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
തുടര്‍ന്ന് കപ്പല്‍ ഒമാന്‍ വഴി ഇന്ത്യയിലേക്ക് വാതകം കൊണ്ടുപോയി. ഏപ്രില്‍ 17 ന് അദാനി എന്റര്‍പ്രൈസസ് ഏകദേശം 7 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന സമാനമായ ഒരു വാതക ഇറക്കുമതി നടത്തിയതായി ഇന്ത്യന്‍ രേഖകളും വെളിപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അടിസ്ഥാന രഹിതമാണെന്നും മനഃപൂര്‍വം ഉപരോധം ലംഘിക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും ഉണ്ടായിട്ടില്ലെന്നും അദാനി ഗ്രൂപ്പ് വിശദീകരിച്ചു. ഗ്രൂപ്പിനെതിനെ അന്വേഷണം നടക്കുന്നതായി അറിവില്ലെന്നും വ്യക്തമാക്കി.
ഇന്ത്യയില്‍ വൈദ്യുതി വിതരണക്കരാറുകള്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് അദാനിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആരോപണം.
ഇറാനില്‍ നിന്ന് എണ്ണ ഉള്‍പ്പെടെയുള്ളവ വാങ്ങുന്നത് നിര്‍ത്തിവയ്ക്കണമെന്നും ഏതങ്കിലും രാജ്യമോ വ്യക്തികളോ വാങ്ങിയാല്‍ നടപടി നേരിടേണ്ടി വരുമെന്നും യു.എസ് ഇക്കഴിഞ്ഞ മെയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു മറികടന്നാണ് അദാനിയുടെ നടപടിയെന്നാണ് ആരോപണം. യു.എസില്‍ ഉള്‍പ്പെടെ വലിയ നിക്ഷേപം നടത്തുന്ന അദാനി കമ്പനികള്‍ക്ക് ക്ഷീണമാണ് പുതിയ നടപടി.
യു.എസ് അന്വേഷണം നേരിടുന്ന വാര്‍ത്തകള്‍ ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികളെ ഇടിവിലാക്കി. അദാനി എന്റര്‍പ്രൈസസ് 1.7 ശതമാനം, അദാനി പോര്‍ട്‌സ് 2.5 ശതമാനം, അദാനി എനര്‍ജി സൊല്യൂഷന്‍സ് 1.5 ശതമാനം, അദാനി പവര്‍ 1.6 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് 2 ശതമാനം എന്നിങ്ങനെ നഷ്ടത്തിലാണ് രാവിലത്തെ സെഷനില്‍ വ്യാപാരം ചെയ്യുന്നത്.
എ.സി.സി, അദാനി ഗ്രീന്‍, എനര്‍ജി, അദാനി വില്‍മര്‍, അംബുജ സിമന്റ്, എന്‍.ഡി.ടി.വി എന്നിവയും നഷ്ടത്തിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine