കുറ്റപത്രം യു.എസില്‍, അഴിമതി ഇന്ത്യയില്‍, അദാനി ഓഹരികള്‍ക്ക് കനത്ത പ്രഹരം, വിപണി മൂല്യത്തില്‍ ₹2.86 ലക്ഷം കോടിയുടെ നഷ്ടം!

സോളാര്‍ കരാര്‍ സ്വന്തമാക്കാനായി ഗൗതം അദാനിയും മരുമകന്‍ സാഗര്‍ അദാനിയും മറ്റ് ആറ് പേരും ചേര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 2,000 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് യു.എസ് കോടതി കുറ്റം ചുമത്തിയതിനു പിന്നാലെ തകര്‍ന്നടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികള്‍. ഗ്രൂപ്പിലെ 10 ഓഹരികളും കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തിയതോടെ മൊത്തം കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായത് 2.85 ലക്ഷം കോടി രൂപയുടെ നഷ്ടം.

ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചതിനു ശേഷം അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസിന്റെ ഓഹരി വില 23 ശതമാനം ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ 73,986 കോടി രൂപയുടെ കുറവുണ്ടായി.

അദാനി എയര്‍പോര്‍ട്‌സ് ആന്‍ഡ് സെസ് 22.80 ശതമാനം നഷ്ടത്തോടെ 995.65 രൂപയിലേക്ക് താഴ്ന്നു. 1,289 രൂപയായിരുന്നു ഓഹരിയുടെ ഇന്നലത്തെ ക്ലോസിംഗ് വില. ഇതു പ്രകാരം കമ്പനിയുടെ വിപണി മൂല്യത്തില്‍ 63,508 കോടി രൂപയുടെ കുറവുണ്ടായി. അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ ഇടിവ് 20 ശതമാനമാണ്. 871.55 രൂപയില്‍ നിന്ന് ഓഹരി വില 697.25 രൂപയായി. കമ്പനിയുടെ വിപണി മൂല്യത്തിലുണ്ടായത് 20,938 കോടി രൂപയുടെ നഷ്ടം.

അദാനി ഗ്രീന്‍ എനര്‍ജി ഓഹരി വില 1,412.70 രൂപയില്‍ നിന്ന് 1,136.55 രൂപയായി. 19.55 ശതമാനമാണ് ഇടിവ്. വിപി മൂല്യത്തില്‍ നിന്ന് നഷ്ടമായത് 43,743 കോടി രൂപ.
അദാനി ടോട്ടല്‍ ഗ്യാസ് 18.76 ശതമാനവും അദാനി പവര്‍ 17.57 ശതമാനവും ഇടിഞ്ഞു. ഇരു കമ്പനികളുടെ വിപണി മൂല്യം യഥാക്രമം 13,858 കോടി രൂപ, 35,522 കോടി രൂപ എന്നിങ്ങനെ കുറഞ്ഞു.
അംബുജ സിമന്റിന്റെ വിപണി മൂല്യം 23,756 കോടി രൂപയും അദാന വില്‍മറിന്റേത് 4,256 കോടി രൂപയും എന്‍.ഡി.ടി.വിയുടേത് 162 കോടി രൂപയും ഇടിഞ്ഞു. ഇതോടെ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യത്തില്‍ 2,85,693 കോടി രൂപയുടെ കുറവുണ്ടായി.
ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ഉടമയുമായ ഗൗതം അദാനിയുടെ ആസ്തിയും താഴേക്ക് പോയി. ഫോബ്‌സിന്റെ റിയല്‍ ടൈം കോടീശ്വര പട്ടിക പ്രകാരം ആസ്തി 10.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 86,678 കോടി രൂപ) ഇടിഞ്ഞ് 59.3 ബില്യണ്‍ ഡോളറായി (5 ലക്ഷം കോടി ഡോളര്‍).

അഴിമതി ഇങ്ങനെ

2020നും 2024നുമിടയിലാണ് സോളോര്‍ കരാറുമായി ബന്ധപ്പെട്ട അഴിമതി നടന്നത്. കേന്ദ്ര സര്‍ക്കാരിലെ ഉന്നതന്മാര്‍ക്ക് കൈക്കൂലി നല്‍കി അദാനി ഗ്രൂപ്പ് കരാറുകള്‍ സ്വന്തമാക്കിയെന്നാണ് യു.എസിലെ കുറ്റപത്രം പറയുന്നത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഗ്രീന്‍ എനര്‍ജിക്കും മറ്റൊരു കമ്പനിക്കും 12 ഗിഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളര്‍, അതായത് ഏകദേശം 2100 കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് കേസ്. ഈ സൗരോര്‍ജ്ജ കരാറുകള്‍ നേടുന്നതിലൂടെ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 16,000 കോടി രൂപയുടെ ലാഭം നേടാമെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ.
പുനരുപയോഗ ഊര്‍ജ്ജപദ്ധതികള്‍ക്കായി ശതകോടിക്കണക്കിന് ഡോളര്‍ സമാഹരിക്കുന്ന അദാനി ഗ്രൂപ്പ് നിക്ഷേപകരില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഈ കൈക്കൂലി മറച്ചുവച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഇന്ത്യയിലെ ₹2,000 കോടി കൈക്കൂലിക്ക് കേസ് യു.എസില്‍! അതെങ്ങനെ?

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് 12 ഗിഗാ വാട്ടിന്റെ സോളാര്‍ കറണ്ട് നല്‍കാനായി അദാനി ഗ്രൂപ്പും അഷുര്‍ പവറെന്ന കമ്പനിയും കരാര്‍ നേടിയതാണ് സംഭവങ്ങളുടെ തുടക്കം. പക്ഷേ, സൗരോര്‍ജ്ജം വാങ്ങാനുള്ള കമ്പനികളെ ഇന്ത്യയില്‍ കണ്ടെത്താന്‍ എസ്ഇസിഐക്ക് കഴിഞ്ഞില്ല. വാങ്ങുന്നവരില്ലാതെ, ഇടപാട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വന്നതോടെ രണ്ട് കമ്പനികള്‍ക്കും അവര്‍ പ്രതീക്ഷിച്ച ലാഭം നഷ്ടപ്പെടാമെന്ന അവസ്ഥയായി. അപ്പോഴാണ് അദാനി ഗ്രൂപ്പും അഷ്വര്‍ പവറും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനുള്ള പദ്ധതിയുമായി എത്തിയത്.

പകരമായി, എസ്.ഇ.സി.ഐയുമായി വൈദ്യുതി വിതരണ കരാറുകളില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളെ പ്രേരിപ്പിക്കണം. ഏകദേശം 265 ദശലക്ഷം ഡോളര്‍ കൈക്കൂലി ഇതിനായി വാഗ്ദാനം ചെയ്തു, വലിയൊരു ഭാഗം ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥര്‍ക്കാണ് നല്‍കിയത്. ഇതേതുടര്‍ന്ന് ചില സംസ്ഥാന വൈദ്യുതി കമ്പനികള്‍ ഇരു കമ്പനികളില്‍ നിന്നും സൗരോർജ്ജം വാങ്ങാന്‍ എസ്ഇസിഐയുമായി ധാരണയിലെത്തുകയും ചെയ്തു. കൈക്കൂലി വിഭജിച്ചു നല്‍കാനും മറ്റും മുന്നില്‍ നിന്നത് ഇന്ത്യന്‍ എനര്‍ജി കമ്പനിയും അഷുര്‍ പവറുമാണ്.
ഈ ഇടപാടുകളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാനായി ആശയവിനിമയങ്ങള്‍ എന്‍ക്രിപ്റ്റഡ് രൂപത്തിലും കോഡുകള്‍ ഉപയോഗിച്ചുമായിരുന്നു.

കൈക്കൂലി ഇന്ത്യയില്‍ കേസ് യു.എസില്‍

യു.എസിലെ ഊര്‍ജപദ്ധതിയും അതുവഴി അമേരിക്കന്‍ നിക്ഷേപകരില്‍ നിന്നുള്ള വമ്പന്‍ മൂലധന സമാഹരണവും ലക്ഷ്യമിട്ടാണ് ഗൗതം അദാനിയും കൂട്ടരും ഇന്ത്യയിലെ കരാര്‍ സ്വന്തമാക്കിയതെന്നാണ് ആരോപണം. ഇത് സംബന്ധിച്ച ഇടപാടുകള്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് പരിധിയിലാണ് നടന്നതിനാലാണ് യു.എസില്‍ കേസെടുത്തത്. വ്യാജരേഖകള്‍ ചമച്ചാണ് യു.എസില്‍ ബോണ്ടുകള്‍ ഇറക്കിയതെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കൈക്കൂലി കൊടുത്തത് മറ്റൊരു രാജ്യത്താണെങ്കിലും ഇതുമായി അമേരിക്കന്‍ നിക്ഷേപകര്‍ക്കോ വിപണിക്കോ ബന്ധമുണ്ടെങ്കില്‍ കേസെടുക്കാമെന്ന് യു.എസ് നിയമം അനുശാസിക്കുന്നുമുണ്ട്. അതനുസരിച്ച് കമ്പനികള്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ അവിടുത്തെ നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും.

അതേസമയം അമേരിക്കന്‍ കോടതിയുടേയും യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെയും ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. വെറും ആരോപണം മാത്രമാണെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്.

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളും അദാനിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. അദാനി രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രിയാണ് അദാനിയെ സംരക്ഷിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. വലിയ അഴിമതി നടത്തിയിട്ടും സ്വതന്ത്രനായി നടക്കുന്നത് എങ്ങനെയെന്നും രാഹുല്‍ ചോദിക്കുന്നു.

Related Articles
Next Story
Videos
Share it