

ഇന്ത്യയിലെ പ്രാദേശിക വിമാന സര്‍വീസുകള്‍ക്കായി ചെറുകിട വിമാനങ്ങള്‍ (Regional Jets) ഇനി രാജ്യത്ത് തന്നെ നിര്‍മ്മിച്ചേക്കും. ഇതിനായി ബ്രസീലിയന്‍ വിമാന നിര്‍മ്മാണ കമ്പനിയായ എംബ്രയറുമായി (Embraer) അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ പ്രതിരോധ-വ്യോമയാന മേഖലകളിലും ചുവടുറപ്പിക്കുകയാണ് അദാനി ഗ്രൂപ്പ്.
കേന്ദ്ര സര്‍ക്കാരിന്റെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി രാജ്യത്തെ സിവില്‍ ഏവിയേഷന്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നീക്കം. 70 മുതല്‍ 146 വരെ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള, കുറഞ്ഞ ദൂരത്തേക്കും ഇടത്തരം ദൂരത്തേക്കുമുള്ള സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന എംബ്രയറിന്റെ ജനപ്രിയ വിമാനങ്ങളായിരിക്കും ഇന്ത്യയില്‍ നിര്‍മ്മിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ ബന്ധിപ്പിക്കുന്ന റീജിയണല്‍ ജെറ്റുകള്‍ ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യാനാണ് ഇതു വഴി ഉദ്ദേശിക്കുന്നത്. കേന്ദ്രത്തിന്റെ ഉഡാന്‍ (UDAN) പദ്ധതി പ്രകാരം കൂടുതല്‍ ചെറിയ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കാന്‍ ഇത്തരം വിമാനങ്ങള്‍ സഹായിക്കും. ഈ നീക്കത്തോടെ, വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ഫിക്‌സഡ്-വിംഗ് വിമാനങ്ങള്‍ക്കായി സ്വന്തമായി ഫൈനല്‍ അസംബ്ലി ലൈന്‍ (FAL) ഉള്ള ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉടന്‍ ഇടംപിടിക്കും.
നിലവില്‍ ഇന്ത്യയിലെ സ്റ്റാര്‍ എയര്‍ (Star Air) പോലുള്ള വിമാന കമ്പനികള്‍ എംബ്രയര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പ്രാദേശിക നിര്‍മ്മാണം ആരംഭിക്കുന്നതോടെ ഇവയുടെ അറ്റകുറ്റപ്പണികളും വിതരണവും എളുപ്പമാകും.
രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ്, വിമാന നിര്‍മ്മാണ രംഗത്തേക്ക് കൂടി കടക്കുന്നത് വ്യോമയാന മേഖലയില്‍ ആധിപത്യം ഉറപ്പിക്കാനാണ്. എംബ്രയറുമായുള്ള സഖ്യം യാഥാര്‍ത്ഥ്യമായാല്‍ ബോയിംഗ്, എയര്‍ബസ് തുടങ്ങിയ വമ്പന്‍മാരോട് മത്സരിക്കാന്‍ അദാനി ഗ്രൂപ്പിന് സാധിക്കും.
പ്രതിരോധ മേഖലയില്‍ ടാറ്റാ ഗ്രൂപ്പും മഹീന്ദ്രയും വിദേശ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, സിവില്‍ ഏവിയേഷന്‍ രംഗത്തെ വിമാന നിര്‍മ്മാണത്തില്‍ അദാനിയുടെ ഈ നീക്കം നിര്‍ണായകമാകും.
നിര്‍ദ്ദിഷ്ട ഫൈനല്‍ അസംബ്ലി ലൈനിനായി എത്ര തുക നിക്ഷേപിക്കുമെന്നോ, എവിടെയായിരിക്കും ഇത് സ്ഥാപിക്കുക യെന്നോ, പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കുമെന്നോ ഉള്ള കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
ഈ മാസം അവസാനം ഹൈദരാബാദില്‍ നടക്കുന്ന എയര്‍ ഷോയില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine