ഹരിതോര്‍ജ്ജത്തില്‍ 9,350 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി; 45 ജിഗാവാട്ട് ലക്ഷ്യം
2030ഓടെ 45 ജിഗാവാട്ട് ശേഷി എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് അദാനി ഗ്രീന്‍ എനര്‍ജിയിലേക്ക് (AGEL) 9,350 കോടി രൂപ നിക്ഷേപിക്കാന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിയും കുടുംബവും. മൂലധന ചെലവ് ഉയര്‍ത്തുന്നതിനും വിപുലീകരണത്തിനുമായി ഈ നിക്ഷേപം വിനിയോഗിക്കുമെന്ന് അദാനി ഗ്രീന്‍ എനര്‍ജി അറിയിച്ചു.
ഇതിനകം 19.8 ജിഗാവാട്ടിന്റെ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് (പിപിഎ) പങ്കാളിത്തം കമ്പനിക്കുണ്ട്. കൂടാതെ ഹരിതോര്‍ജ്ജത്തിന് വിവിധ മേഖലകളിലായി രണ്ട് ലക്ഷം ഏക്കറിലധികം ഭൂമിയും ഉണ്ട്. 40 ജിഗാവാട്ടില്‍ കൂടുതല്‍ ഇവിടെ ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ശുദ്ധമായ ഊര്‍ജ്ജം എന്ന രാജ്യത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനൊപ്പം ഹരിതോര്‍ജ്ജം ഉപയോഗിക്കുന്നതിലൂടെ പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകള്‍ ഘട്ടം ഘട്ടമായി കുറയ്ക്കുകയും ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.
അദാനി ഗ്രീന്‍ എനര്‍ജിയുടെ ഒരു ഓഹരിക്ക് 1,480.75 രൂപ നിരക്കില്‍ പ്രമോട്ടര്‍മാര്‍ക്ക് മുന്‍ഗണനാ വാറണ്ടുകള്‍ നല്‍കുന്നതിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതുവഴി മൊത്തം 9,350 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റെഗുലേറ്ററി, സ്റ്റാറ്റിയൂട്ടറി അതോറിറ്റികളുടെയും കമ്പനിയുടെ ഓഹരിയുടമകളുടെയും അംഗീകാരം ആവശ്യമാണ്. 2024 ജനുവരി 18ന് നടക്കുന്ന കമ്പനിയുടെ പൊതുയോഗത്തില്‍ അംഗീകാരം തേടും. എന്‍.എസ്.ഇയില്‍ അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ ഇന്ന് 5.48 ശതമാനം ഉയര്‍ന്ന് 1,617 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.