

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആദ്യഘട്ടത്തില്‍ 12,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ്. മഹാരാഷ്ട്ര സര്‍ക്കാര്‍ ജൂലൈയില്‍ ധാരാവിയില്‍ 23,000 കോടി രൂപ ചെലവിട്ട് നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല അദാനി ഗ്രൂപ്പിന് നല്‍കിയിരുന്നു. ചേരിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അദാനി റിയല്‍റ്റി സമര്‍പ്പിച്ച പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.
തുടര്‍ന്ന് ധാരാവി നവീകരണത്തിനായി 80% അദാനി ഗ്രൂപ്പിന്റെയും ബാക്കി മഹാരാഷ്ട്ര സര്‍ക്കാരിന്റെയും ഉടമസ്ഥതയിലുള്ള ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (SPV) സെപ്റ്റംബറില്‍ രൂപീകരിച്ചു. പിന്നീട് മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റി (എം.എം.ആര്‍.ഡി.എ) ഉള്‍പ്പെടെയുള്ള സംസ്ഥാന അധികാരികളുമായി ചര്‍ച്ചകള്‍ നടത്തി.
ഈ ചര്‍ച്ചകള്‍ക്കൊടുവില്‍ തീര്‍പ്പാക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് കുറഞ്ഞത് 12,000 കോടി രൂപ ചില കാര്യങ്ങള്‍ക്കായി എസ്.പി.വിയിലേക്ക് നിക്ഷേപിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. ഈ തുകയാണ് ധാരാവിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആദ്യഘട്ടത്തില്‍ അദാനി ഗ്രൂപ്പ് നിക്ഷേപിക്കാനൊരുങ്ങുന്നത്. എസ്.പി.വി രൂപീകരിക്കുന്നതിനും മറ്റ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇതിനകം നിക്ഷേപിച്ച 1,014 കോടി രൂപയ്ക്ക് പുറമേയാണിത്.
താല്‍ക്കാലികമായും താമസസൗകര്യമെരുക്കും
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ദാദര്‍-മാതുംഗയ്ക്ക് സമീപമുള്ള 90 ഏക്കര്‍ റെയില്‍വേ ഭൂമിയിലും ധാരാവിക്ക് ചുറ്റുമുള്ള 6.91 ഹെക്ടര്‍ സ്ഥലത്തും ട്രാന്‍സിറ്റ് ടെന്‍മെന്റുകളുടെ നിര്‍മ്മാണം നടത്തും. ചേരി നിവാസികളെ അവരുടെ വീടുകള്‍ പുനര്‍ നിർമിക്കുന്നതിന് മുമ്പ് ഈ ട്രാന്‍സിറ്റ് ടെന്‍മെന്റുകളിലേക്ക് മാറ്റും. കൂടാതെ താല്‍ക്കാലിക മാറ്റത്തിനുള്ള ക്രമീകരണങ്ങള്‍ക്കായി അദാനി ഗ്രൂപ്പ് 10 വര്‍ഷത്തേക്ക് വഡാലയിലെ 47 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കും.
ലോകത്തിലെ ഏറ്റവും വലിയ നഗര നവീകരണ പദ്ധതികളിലൊന്നാണ് ധാരാവി പുനര്‍വികസന പദ്ധതി. ധാരാവിയുടെ വലിപ്പവും സാന്ദ്രതയും അതോടൊപ്പം അവിടുത്തെ ആളുകളുടെ വൈവിധ്യവും കണക്കിലെടുത്ത് സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ഒരു പദ്ധതി കൂടിയാണിത്. പദ്ധതിയുടെ ആദ്യഘട്ടം ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 17 വര്‍ഷത്തിനുള്ളിലാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine