തോക്കുകളും മിസൈലുകളും നിര്‍മിക്കാന്‍ അദാനി; ഏറ്റവും വലിയ ആയുധ നിര്‍മാണ പ്ലാന്റ് ഉടന്‍

ആയുധ നിര്‍മാണ രംഗത്തേക്കും പ്രവേശിച്ച് ശതകോടീശ്വരനായ അദാനി. വേഗത്തില്‍ വിറ്റഴിയുന്ന നിത്യോപയോഗ സാധനങ്ങളുടെ നിര്‍മാണം മുതല്‍ ഊര്‍ജ മേഖലയില്‍ വരെ സാന്നിധ്യമുള്ള അദാനി ഗ്രൂപ്പ് ആയുധങ്ങള്‍ നിര്‍മിക്കാനും ഒരുങ്ങുകയാണ്. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ 1500 കോടി രൂപ മുതൽ മുടക്കിൽ സജ്ജമാക്കിയിട്ടുള്ള നിര്‍മാണശാല അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കുകയാണ്.

250 ഏക്കര്‍ സ്ഥലത്തായിരിക്കും പ്ലാന്റിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളെങ്കിലും പിന്നീട് വിപുലമാക്കും. അദാനി എന്റര്‍പ്രൈസസിന് കീഴിലുള്ള അദാനി ഡിഫെന്‍സ് എന്ന കമ്പനിയാണ് പ്ലാന്റിന്റെ മേല്‍നോട്ടം. ചെറു ആയുധങ്ങള്‍, ബുള്ളറ്റുകള്‍, അനുബന്ധ വസ്തുക്കള്‍ എന്നിവയാണ് അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കുന്ന പ്ലാന്റിൽ നിര്‍മിക്കുക.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ആയുധ നിര്‍മാണ ശാലയായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. പൂനെയില്‍ സ്ഥിതി ചെയ്യുന്ന പൊതുമേഖല സ്ഥാപനമായ മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് (MIL) ആണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ആയുധ നിര്‍മാണ ശാല.
മിസൈലുകള്‍ വരെ
ആഗോള തലത്തില്‍ ഉപയോഗിക്കുന്ന 7.62 മില്ലി മീറ്റർ, 5.56 മില്ലി മീറ്റർ ബുള്ളറ്റുകളുടെ നിര്‍മാണമാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ചെറു ആയുധങ്ങളും തുടര്‍ന്ന്‌ 155 മില്ലി മീറ്റർ ആര്‍ട്ടിലറി ഷെല്ലുകളും മിസൈലുകളും വരെ നിര്‍മിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഏറ്റവും ഉപയോഗപ്പെടുത്തിയത് 155മില്ലി മീറ്റർ ആര്‍ട്ടിലറി ഷെല്ലുകളായിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പ്ലാന്റ് 500 ഏക്കറിലേക്ക് വികസിപ്പിച്ച് പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ വൻ ആയുധ സാമഗ്രികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുമെന്നാണ് റിപ്പോർട്ട്.
നിലവില്‍ നാവിക സേനയ്ക്കാവശ്യമായ ഡ്രോൺ, മറ്റ് അനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് അദാനി എന്റർപ്രൈസസിന് കീഴിലുള്ള അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ്.

തെലങ്കാനയിലെ അദാനി എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ് പാര്‍ക്കില്‍ കൗണ്ടര്‍ ഡ്രോണ്‍ സിസ്റ്റംസ്, മിസൈല്‍ ഡെവലപ്മെന്റ് ആന്‍ഡ് മാനുഫാക്ചറിംഗ് എന്നിവയ്ക്കായി 1,000 കോടി രൂപയും പുതുതായി നിക്ഷേപിക്കാന്‍ തീരുമാനമായിട്ടുണ്ട്.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it