
ഇറാന്റെ മിസൈൽ ആക്രമണത്തിൽ തിങ്കളാഴ്ച രാത്രി ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന് സാരമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇസ്രയേലിലെ ടെൽ അവീവിലും വടക്കൻ തുറമുഖ നഗരമായ ഹൈഫയിലും ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലും ഇറാനും തമ്മില്‍ സമീപ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുളള ഏറ്റവും രൂക്ഷമായ സംഘര്‍ഷങ്ങളിലൊന്നാണ് ഇപ്പോള്‍ നടക്കുന്നത്. വടക്കൻ ഇസ്രയേലിലെ ഹൈഫ തുറമുഖം ഇന്ത്യക്ക് തന്ത്രപരമായി ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ്.
ഏകദേശം 120 കോടി ഡോളർ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് ഈ തുറമുഖത്തില്‍ നടത്തിയിരിക്കുന്നത്. 2023 ജനുവരിയിലാണ് അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ), ഇസ്രയേലിന്റെ ഗാഡോട്ട് ഗ്രൂപ്പുമായി ചേർന്ന് ഹൈഫ പോർട്ട് കമ്പനിയുടെ 70 ശതമാനം ഓഹരികൾ വാങ്ങുന്നത്. ഇസ്രയേലിലെ ഏറ്റവും തിരക്കേറിയ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തുറമുഖമാണ് ഇത്. പ്രതിവർഷം 2 കോടി ടൺ കാർഗോ കൈകാര്യം ചെയ്യാനുളള ശേഷിയാണ് തുറമുഖത്തിനുളളത്. 2023 ല്‍ 4,10,000 ത്തിലധികം ക്രൂയിസ് യാത്രക്കാരാണ് ഈ തുറമുഖത്തിലൂടെ കടന്നു പോയത്.
അദാനി പോർട്‌സിന്റെ കാർഗോ വോള്യത്തിന്റെ ഏകദേശം 3 ശതമാനവും വരുമാനത്തിന്റെ 5 ശതമാനവുമാണ് ഹൈഫ തുറമുഖം സംഭാവന ചെയ്യുന്നത്. ബിസിനസ് പരമായി ഇതു വളരെ ചെറുതാണെങ്കിലും തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവും പ്രധാന വ്യാവസായിക കേന്ദ്രങ്ങളുമായുളള റെയിൽ, റോഡ് ബന്ധങ്ങളും ഇതിന് ആഗോള രാഷ്ട്രീയ പ്രാധാന്യം നൽകുന്നു. ഇന്ത്യയിൽ 13 തുറമുഖങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് അദാനി പോര്‍ട്സ്. രാജ്യത്തിന്റെ സമുദ്ര ചരക്കിന്റെ 24 ശതമാനവും കൈകാര്യം ചെയ്യുന്നത് അദാനി പോര്‍ട്സാണ്.
എന്നാല്‍ ഹൈഫയുടെ പ്രാധാന്യം കൈകാര്യം ചെയ്യുന്ന കാര്‍ഗോയുടെ അളവിലല്ല, മറിച്ച് അത് പ്രതിനിധീകരിക്കുന്ന തന്ത്രപരമായ സ്ഥാനത്തിലാണ്. ഇന്ത്യയുടെ ആഗോള വ്യാപാര സാന്നിധ്യത്തിലെ ശ്രദ്ധേയമായ അടയാളമാണ് ഈ തുറമുഖം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാരാണ് ഈ തുറമുഖം വികസിപ്പിക്കുന്നത്. 1920 ൽ നിർമ്മാണം ആരംഭിച്ച് 1933 ൽ ഔപചാരികമായി തുറമുഖം ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഇന്ത്യ, ഇസ്രയേൽ, യു.എ.ഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, യു.എസ് എന്നിവ ഉൾപ്പെടുന്ന ബഹുരാഷ്ട്ര സംരംഭമായ നിർദ്ദിഷ്ട ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ (IMEC) ഇന്ത്യക്ക് വാണിജ്യപരമായി ഏറെ പ്രാധാന്യമുളള തുറമുഖമാണ് ഹൈഫ. യൂറോപ്പുമായുള്ള വ്യാപാരം കാര്യക്ഷമമാക്കാനും ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും മിഡില്‍ ഈസ്റ്റിലെ പ്രാദേശിക പങ്കാളികളുമായി വാണിജ്യപരമായ ഏകോപനം വർദ്ധിപ്പിക്കാനും ഇന്ത്യക്ക് വളരെയേറെ സഹായകരമാണ് തുറമുഖം.
Iran's missile strike on Israel's Haifa port threatens India's strategic and financial stakes via Adani's $1.2 billion investment.
Read DhanamOnline in English
Subscribe to Dhanam Magazine