Begin typing your search above and press return to search.
ബ്രസീലിനെ പിന്നിലാക്കി ഇന്ത്യ; അറബ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോത്പന്ന കയറ്റുമതിയില്‍ ഒന്നാമത്
അറബ് രാജ്യങ്ങളിലേക്ക് ഏറ്റവുമധികം ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി നടത്തുന്ന രാജ്യമെന്ന നിലയില്‍ ബ്രസീലിനെ പിന്നിലാക്കി ഇന്ത്യ ഒന്നാമതെത്തി. 15 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്. 2020 ല്‍ കൊവിഡ് മഹാമാരി വ്യാപാരത്തെ ബാധിച്ചതാണ് ഇതിന് കാരണമെന്ന് അറബ് ബ്രസീല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചൊവ്വാഴ്ച റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.
ബ്രസീല്‍ ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി നടത്തുന്ന പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് അറബ് രാജ്യങ്ങള്‍. എന്നാല്‍, കൊവിഡ് മഹാമാരി വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അറബ് ലീഗിലെ 22 രാജ്യങ്ങളിലേക്കുള്ള ആകെ കാര്‍ഷിക ഉല്‍പ്പന്ന കയറ്റുമതിയുടെ 8.15 ശതമാനവും ബ്രസീലില്‍ നിന്നാണുള്ളത്. എന്നാല്‍, 2020 ല്‍ ബ്രസീലിനെ പിന്നിലാക്കി 8.25 ശതമാനവുമായി ഇന്ത്യ മുന്നിലെത്തി.
ബ്രസീലില്‍ നിന്നുള്ള അറബ് രാജ്യങ്ങളിലേക്കുള്ള കോവിഡ് നിയന്ത്രണങ്ങളും തുടര്‍ന്നുള്ള യാത്രാമാര്‍ഗത്തിലെ തടസ്സവുമാണ് പ്രധാനമായും അറബ് രാജ്യങ്ങളിലേക്കുള്ള ചരക്ക് പാത ദീര്‍ഘിപ്പിച്ചത്. മുമ്പ് ഒരുമാസത്തോളം നീണ്ട (20 മുതല്‍ 30 വരെ) സൗദി അറേബ്യയിലേക്കുള്ള ബ്രസീലിയന്‍ കപ്പല്‍ ചരക്ക് ഇപ്പോള്‍ 60 ദിവസം വരെ എടുത്തേക്കാമെന്ന് ചേംബര്‍ പറയുന്നത്.
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ നേട്ടങ്ങള്‍ കാരണം ഇന്ത്യയില്‍ നിന്നുള്ള പഴങ്ങള്‍, പച്ചക്കറികള്‍, പഞ്ചസാര, ധാന്യങ്ങള്‍, മാംസം തുടങ്ങിയവയുമായുള്ള കപ്പലുകള്‍ എത്താന്‍ ഒരാഴ്ച മതിയാകും. എന്നാല്‍ അറബ് ലീഗിലേക്കുള്ള ബ്രസീലിന്റെ കാര്‍ഷിക കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.4% ഉയര്‍ന്ന് 8.17 ബില്യണ്‍ ഡോളറിലെത്തി.
Next Story
Videos