ഊബര്‍: എന്തുകൊണ്ട് പലരും അസന്തുഷ്ടര്‍?

പരമ്പരാഗത ടാക്‌സി സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച് യാത്രാ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ഇന്ത്യയിലെത്തിയ ഊബറിന് പഴയ പ്രൗഢി വീണ്ടെടുക്കാനാകുമോ? കമ്പനിയുടെ വിപണി വിഹിതം വീണ്ടെടുക്കാനാകുന്നുണ്ടോ? യാത്രക്കാരെയും ഡ്രൈവര്‍മാരെയും തൃപ്തരാക്കാനുളള വലിയ പരിശ്രമത്തിലാണ് ഊബര്‍.

യാത്രക്കാര്‍ പറയുന്നത്

ഊബറിനെ പലവിധത്തില്‍ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇവരില്‍ പലരും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതിലൊന്നാണ് കാര്‍ഡ് പേയ്‌മെന്റുമായി ബന്ധപ്പെട്ട് പ്രശ്‌നം. ഊബര്‍ യാത്രയ്ക്കുള്ള പണം കാര്‍ഡ് വഴിയാണോ എന്ന് ചേദിച്ചുകൊണ്ട്, കാര്‍ഡ് ഉപയോഗിച്ചാണെന്ന് അറിയുമ്പോള്‍ തന്നെ യാത്ര നിരസിക്കുന്ന ചില ഡ്രൈവര്‍മാരുണ്ടെന്ന് യാത്രക്കാരില്‍ പലരും പറയുന്നു.

മറ്റൊന്ന് ഊബര്‍ ഡ്രൈവര്‍മാരില്‍ ചിലര്‍ ഒരു കാരണവും പറയാതെ യാത്ര റദ്ദാക്കുന്ന പ്രശ്‌നമാണ്. ഇത് യാത്രക്കാരന്റെ കൂടുതല്‍ സമയം പാഴാക്കുന്നു. തുടര്‍ന്ന് ഇവിടെ മറ്റൊരു ക്യാബ് ബുക്ക് ചെയ്യാന്‍ യാത്രക്കാരന്‍ നിര്‍ബന്ധിതനാകുന്നു. ആശുപ്രത്രി കാര്യങ്ങള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇത് യാത്രക്കാരെ ഏറെ ആശങ്കയിലാക്കുന്നു.

ചില ഡ്രൈവര്‍മാരുടെ അടുത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതായി പല യാത്രക്കാരും അഭിപ്രായപ്പെട്ടു. ഈ പ്രശ്‌നം പരിഹരിക്കാന്‍ വേഗത്തില്‍ ഒരു മാര്‍ഗവുമില്ല എന്നതാണ് ഇതിലെ വലിയ പ്രശ്‌നം. ഉപഭോക്തൃ പിന്തുണയുമായി ബന്ധപ്പെട്ട് ഒരു പരാതി ഫയല്‍ ചെയ്യാനാകും. എന്നാല്‍ ഈ മുഴുവന്‍ പ്രക്രിയയും വളരെ സമയമെടുക്കുന്നതാണെന്ന് യാത്രക്കാര്‍ പറയുന്നു. ചില പ്രത്യേക സമയങ്ങളില്‍ ഊബര്‍ നിരക്ക് ഉയര്‍ത്തുന്നതും തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.

ഡ്രൈവര്‍മാരും അസന്തുഷ്ടര്‍

ഊബര്‍ ഡ്രൈവര്‍മാരും വലിയ പ്രശ്‌നങ്ങളാണ് നേരിട്ടുകൊണ്ടിരുന്നത്. ആദ്യകാലങ്ങളില്‍ ഡ്രൈവര്‍മാര്‍ അവരുടെ ആപ്ലിക്കേഷന്‍ ഓണാക്കിയിടുന്ന സമയത്തിനുവരെ കമ്പനികള്‍ പ്രതിഫലം നല്‍കിയിരുന്നു. കൂടാതെ യാത്രകളുടെ എണ്ണത്തിനനുസരിച്ച് ഇന്‍സെന്റീവുകളും അവര്‍ക്ക് ലഭിച്ചിരുന്നു. അതിനാല്‍ യാത്രകള്‍ കുറവായിരുന്നെങ്കിലും മെച്ചപ്പെട്ട വരുമാനം ലഭിക്കുമായിരുന്നു.

എന്നാല്‍ സേവനത്തിന് ആവശ്യമായ വാഹനങ്ങള്‍ ലഭിച്ചതോടെ 2015 പകുതിയോടെ കമ്പനികള്‍ പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. ഇത് ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയായിരുന്നുവെന്ന് അഡ്വ. പി ജെ പോള്‍സണ്‍ പറയുന്നു. ടാക്‌സി മേഖലയിലെ നിരക്കിന് കൃത്യതയില്ലാത്തത് ഊബര്‍ ഡ്രൈവര്‍മാര്‍ നേരിടുന്ന വലിയൊരു പ്രശ്‌നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് വന്നതോടെ യാത്രകളുടെ എണ്ണം കുറഞ്ഞു. തുടര്‍ന്ന് വണ്ടിയുടെ വായ്പ തിരിച്ചടയ്ക്കുന്നതിനാണ് ഏറ്റവും വലിയ ബുദ്ധിമുട്ട് നേരിട്ടതെന്ന് ഓള്‍ ഇന്ത്യ ഗിഗ് വര്‍ക്കേഴ്‌സ് യൂണിയന്റെ സംസ്ഥാന ഭാരവാഹിയും ഊബര്‍ ഡ്രൈവറുമായ ജിജോ എം ജി പറയുന്നു. കോവിഡ് സമയത്ത് പലരും വണ്ടികള്‍ വില്‍ക്കുകയും മറ്റ് ജോലികള്‍ക്ക് പോകുകയും ചെയ്തു. കോവിഡ് മെല്ലെ പിന്‍വാങ്ങിയെങ്കിലും ഈ മേഖല പൂര്‍ണ്ണമായും കരകയറിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ട്രിപ്പുകളില്‍ ചെറിയ വര്‍ധനവുണ്ടായെങ്കിലും കോവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തിയിട്ടില്ല. വണ്ടികളുടെ എണ്ണം പോലും കോവിഡിന് മുമ്പുള്ള നിലയിലേക്കാള്‍ കുറവാണെന്ന് അദ്ദേഹം പറയുന്നു. കമ്മീഷനുമായി ബന്ധപ്പെട്ടും ചില പ്രശ്‌നങ്ങള്‍ നേരിടുന്നതായി ജിജോ എം ജി പറഞ്ഞു. തങ്ങള്‍ക്ക് ട്രിപ്പില്‍ നിന്നും കിട്ടുന്ന തുകയുടെ 26 ശതമാനമാണ് കമ്പനിയുടെ കമ്മീഷനായി പോകുന്നത്. വ്യവസ്ഥയും അതുതന്നെ. എന്നാല്‍ പിന്നീട് ഇത് 40 ശതമാനത്തിലേക്ക് എത്തിയെന്നും അതോടെ തങ്ങള്‍ക്ക് കൈയ്യില്‍ കിട്ടുന്നത് വളരെ തുച്ഛമായ തുകയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പലരും വാഹനങ്ങള്‍ ഉപേക്ഷിച്ചു.

യാത്രക്കാരില്‍ നിന്നുള്ള പ്രശ്‌നങ്ങളും മറ്റ് ചില ഡ്രൈവര്‍മാര്‍ പങ്കുവച്ചു. യാത്രക്കാരില്‍ ചിലര്‍ അവസാന നിമിഷം ട്രിപ്പുകള്‍ റദ്ദാക്കുമ്പോള്‍ തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യമുണ്ടെന്ന് ചില ഡ്രൈവര്‍മാര്‍ പറയുന്നു. ഇത്തരത്തിലുള്ള തങ്ങളുടെ പല പ്രശ്‌നങ്ങളും കമ്പനി പരിഹരിക്കാനുണ്ടെന്ന് അവര്‍ പറയുന്നു.

പ്രശ്‌നങ്ങള്‍ക്കിടയില്‍ കമ്പനിയും

പുത്തന്‍ യാത്ര സംസ്‌കാരം കെട്ടിപ്പടുക്കാന്‍ ഊബര്‍ എന്ന കമ്പനിയ്ക്ക് സാധിച്ചെങ്കിലും കോവിഡ് കമ്പനിയ്ക്ക് നല്‍കിയ പ്രഹരം ചെറുതായിരുന്നില്ല. വിപണിയില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഊബര്‍ നേരിട്ടു. ലോക്ഡൗണിനെ തുടര്‍ന്ന് പലയിടങ്ങളിലും തങ്ങളുടെ വാഹനങ്ങള്‍ ചലിച്ചത് പോലുമില്ല. ഊബര്‍ യാത്രക്കാരുടെ എണ്ണത്തില്‍ 70-80 ശതമാനം കുറവുണ്ടായി. ഇത്ര വലിയൊരു നഷ്ടം കമ്പനിയ്ക്ക് കനത്ത ആഘാതമുണ്ടാക്കി.

കോവിഡ് പിന്‍വാങ്ങാന്‍ തുടങ്ങിയതോടെ കമ്പനി തിരിച്ചു വരവിനായി പല തരത്തിലുള്ള ശ്രമങ്ങള്‍ തുടങ്ങി. ട്രിപ് നിരക്കുകളില്‍ വലിയ ഇളവ് നല്‍കിയും മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയും കമ്പനി ഉപഭോക്താക്കളെ ആകര്‍ഷിച്ചു. എന്നാല്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു വന്ന പല നിയമങ്ങളും കമ്പനിയ്ക്ക് തിരിച്ചടിയായി.

പലയിടങ്ങളിലും കമ്പനിയ്ക്ക് ഊബര്‍ പൂളിംഗ് നിര്‍ത്തേണ്ടി വന്നു. ജനങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച് ഒരു സംവിധാനമായിരുന്നു ഇത്. ഇത് കൂടാതെ ഊബര്‍ തങ്ങളുടെ ഭക്ഷ്യ ഡെലിവറി വിഭാഗമായ ഊബര്‍ ഈറ്റ്‌സിനെ സൊമാറ്റോയ്ക്ക് വിറ്റിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ പല ഡ്രൈവര്‍മാരും ഊബര്‍ ഉപേക്ഷിച്ചു. ട്രിപ്പുകളുടെ എണ്ണം കുറഞ്ഞതും കമ്പനിയെ മോശമായി ബാധിച്ചു. ഇത്തരത്തില്‍ പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ട കമ്പനി ഇന്ന് തിരുച്ചുവരവിന്റെ പാതയിയാണ്.

പ്രശനങ്ങള്‍ പരിഹരിക്കണം

ഊബറിന്റെ വളര്‍ച്ചയില്‍ പ്രതീക്ഷയുള്ളതായി ഊബര്‍ ഇന്ത്യ മേധാവിയായ പ്രദീപ് പരമേശ്വരന്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ ബിസിനസ് അതിവേഗം വളര്‍ന്ന് ലാഭകരമായ ഒന്നായി മാറുമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷയും ഈയടുത്ത് അദ്ദേഹം പങ്കുവച്ചിരുന്നു. എന്നാല്‍ വിപണിയില്‍ കമ്പനി മറ്റ് ചില പ്രശ്‌നങ്ങളും നേരിടുന്നുണ്ട്.

ഊബര്‍ തങ്ങളുടെ വിപണിവിഹിതം തിരിച്ചുപിടാക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ സാമാനമായ മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ വിപണിയിലെത്തി. മത്സരം കടുത്തു. ഇതോടെ തിരിച്ചുവരവില്‍ പിടിച്ചുനില്‍ക്കാന്‍ കമ്പനി അതികഠിനമായി പരിശ്രമിക്കുകയാണ്. അതിനാല്‍ ലോകമെമ്പാടും യാത്രയില്‍ വിപ്ലവം സൃഷ്ടിച്ച ഊബര്‍ ഇനി വിപണിയിലെത്തിയ മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുമായി മത്സരിച്ച് പിടിച്ചുനില്‍ക്കേണ്ടത കമ്പനിയുടെ നിലനില്‍പ്പിന് അനിവാര്യമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it