ഹോങ്കോംഗിനും സിങ്കപ്പൂരിനും പിന്നാലെ ഇന്ത്യന്‍ കറിമസാലകള്‍ക്കെതിരെ യു.എസും

ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥം ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതായി ആരോപിച്ച് ഹോങ്കോംഗും സിങ്കപ്പൂരും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചതിനു പിന്നാലെ എം.ഡി.എച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ).

വില്‍പ്പനയ്ക്ക് പൂട്ടിട്ടു

ഈ മാസം മൂന്നിനാണ് എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗഡര്‍, സാമ്പാര്‍ മസാല, കറി പൗഡര്‍ എന്നിവയും എവറസ്റ്റിന്റെ മീന്‍കറി മസാലയുമടക്കം നാല് മസാലകളുടെ വില്‍പന ഹോങ്കോംഗിന്റെ സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി (സി.എഫ്.എസ്.) തടഞ്ഞത്. ഇവയില്‍ ഉയര്‍ന്ന അളവില്‍ എഥ്‌ലീന്‍ ഓക്‌സൈഡ് അടങ്ങിയിട്ടുണ്ടെന്നും ഇത് ഇപയോഗിച്ചാല്‍ ക്യാന്‍സറിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം.

എവറസ്റ്റിന്റെ മീന്‍കറി മസാലയുടെ വില്‍പനയാണ് സിങ്കപ്പൂര്‍ ഫുഡ് ഏജന്‍സി (എസ്.എഫ്.എ.) തടഞ്ഞത്. അനുവദനീയമായ അളവിലും കൂടുതലായി എഥ്‌ലീന്‍ ഓക്സൈഡ് അടങ്ങിയിരിക്കുന്നു എന്നുകാണിച്ചാണ് സിങ്കപ്പൂര്‍ സര്‍ക്കാരും മസാലയുടെ വില്‍പനയ്ക്ക് പൂട്ടിട്ടത്. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ ഗ്രൂപ്പ് 1 കാര്‍സിനോജെന്‍ വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള പദാര്‍ത്ഥമാണ് എഥ്‌ലീന്‍ ഓക്‌സൈഡ്.

പിന്നാലെ അന്വേഷണവും

ഹോങ്കോംഗും സിങ്കപ്പൂരും വില്‍പ്പന നിറുത്തിവച്ചതിന് പിന്നാലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഈ രണ്ട് കമ്പനികളുടെ ഉത്പ്പന്നങ്ങളുടെയും ഗുണ നിലവാര പരിശോധന ആരംഭിച്ചിരുന്നു. ഇന്ത്യയിലൊട്ടാകെയുള്ള മസാല നിര്‍മാണ ഫാക്ടറികളില്‍ നിന്ന് സാംപിള്‍ ശേഖരിച്ച് പരിശോധിക്കാന്‍ കേന്ദ്രവും നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും അധികാരികളില്‍ നിന്ന് എം.ഡി.എച്ച്, എവറസ്റ്റ് കയറ്റുമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ഗുണനിലവാര പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്താന്‍ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഇന്ത്യയുടെ സ്പൈസസ് ബോര്‍ഡ് അറിയിച്ചു.

അതേസമയം ഇന്ത്യയിലെ മസാല ഫാക്ടറികളില്‍ മിക്കപ്പോഴും ഭക്ഷസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ നടക്കാറുണ്ടെന്നും എഥ്‌ലീന്‍ ഓക്സൈഡ് അടക്കം മനുഷ്യന് ഹാനികരമായ വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it