സൊമാറ്റോയ്ക്ക് പിന്നാലെ കൂട്ട പിരിച്ചുവിടലുമായി സ്വിഗ്ഗ്വിയും
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 1100 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സ്വിഗ്ഗ്വി. 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് സൊമാറ്റോ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്വിഗ്ഗ്വിയുടെയും പ്രഖ്യാപനം. കമ്പനിയെ സംബന്ധിച്ചടത്തോളം ഇന്ന് ഏറ്റവും ദുഖകരമായ ദിവസങ്ങളിലൊന്നാണ് ഇതെന്നാണ് സ്വിഗ്ഗ്വിയുടെ സഹസ്ഥാപകന്‍ പറഞ്ഞത്.
പ്രതിസന്ധിയെ നേരിടാന്‍ ഇതല്ലാതെ മറ്റുവഴികളില്ലെന്നാണ് കമ്പനി പറയുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗ്വിയുടെ അടുത്ത 18 മാസത്തില്‍ പ്രസക്തമല്ലാത്ത മറ്റ് ബിസിനസുകള്‍ താല്‍ക്കാലികമായി അടച്ചിട്ടേക്കാം. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ക്ലൗഡ് കിച്ചണ്‍ ബിസിനസിനെയായിരിക്കും.
''ഇപ്പോഴത്തെ പ്രതിസന്ധി ഭക്ഷ്യവിതരണ ബിസിനസിനെ മോശമായി ബാധിച്ചിരിക്കുകയാണ്. ഇത് ഹൃസ്വകാലത്തേക്ക് തുടരുകയും ചെയ്യും. പക്ഷെ അതിനുശേഷം വളര്‍ച്ചയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് ബാധിക്കുന്നതിന് തൊട്ടുമുമ്പ് മൂലധനം സമാഹരിക്കാന്‍ കഴിഞ്ഞെങ്കിലും മോശം സാഹചര്യങ്ങള്‍ക്കായി തയാറെടുത്ത് സുരക്ഷിതരായിരിക്കേണ്ടതുണ്ട്.'' സ്വിഗ്ഗ്വിയുടെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവുമായ ശ്രീഹര്‍ഷ മജെറ്റി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ വേതനം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സ്വിഗ്ഗ്വിയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും വര്‍ഷം ഓരോ മാസം വീതം കിട്ടുന്നതിനാല്‍ എത്ര നാള്‍ ജോലി ചെയ്തു എന്നത് അനുസരിച്ച് പിരിഞ്ഞുപോകുമ്പോള്‍ മൂന്ന് മുതല്‍ എട്ട് മാസം വരെയുള്ള വേതനം ലഭിക്കാം. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് ഈ വര്‍ഷം അവസാനം വരെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പുതിയ ജോലിക്ക് ചേരുന്നതിനും പുതിയ സ്‌കില്ലുകള്‍ നേടുന്നതിനുമുള്ള അവസരം... തുടങ്ങിയവ നല്‍കുന്നതിനായി കമ്പനി ശ്രമിക്കുന്നുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline