

ചെറുകിട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ വിപണി സാധ്യത ലഭിക്കാനായി കേരള വ്യവസായ വകുപ്പും ഒ.എന്‍.ഡി.സിയും (ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്സ്) ധാരണ പത്രത്തില്‍ ഒപ്പുവച്ചു. ഇന്ത്യയിലെ ചെറു സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ ഇ-കൊമേഴ്സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതാണ് ഒ.എന്‍.ഡി.സി. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചെറുകിട സംരംഭങ്ങള്‍ക്കും വന്‍കിട കമ്പനികള്‍ക്കൊപ്പം പരിഗണന ലഭിക്കും എന്നതാണ് പ്രത്യേകത.
200 ഓളം ഉത്പന്നങ്ങള്‍
നിലവില്‍ കേരളത്തിലെ 9 പൊതുമേഖല സ്ഥാപനങ്ങളുടെ 200 ഓളം ഉത്പന്നങ്ങള്‍ ഒ.എന്‍.ഡി.സി പ്ലാറ്റഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക ലോഞ്ചിംഗും കേരള വ്യവസായ മന്ത്രി പി.രാജീവ് ഈയിടെ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഇ-കോമേഴ്‌സ് രംഗത്ത് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിപുലമായ വിപണി സാധ്യത ഉറപ്പാക്കുന്നതിന് സാധിക്കുമെന്ന് പി. രാജീവ് പറഞ്ഞു.
ബ്രാന്‍ഡിംഗ്, പാക്കിംഗ്, മാര്‍ക്കറ്റിംഗ്, എന്നിങ്ങനെ പൊതുമേഖലാ സ്ഥാപന ഉത്പന്നങ്ങളുടെ സ്വയം നവീകരണം കൂടിയാണ് ഇതിലൂടെ സാധിക്കുകയെന്ന് മന്ത്രി പറഞ്ഞു. മെയ്ക്ക് ഇന്‍ കേരള ബ്രാന്‍ഡിംഗിലൂടെ കേരളത്തിലെ എം.എസ്.എം.ഇ ഉത്പന്നങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും ഇടംപിടിക്കാന്‍ വഴിയോരുങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine