വിദേശത്ത് താരങ്ങളാകാൻ കേരളത്തിന്റെ പഴവും പച്ചക്കറികളും
കേരളത്തിന്റെ വാഴപ്പഴവും, പച്ചക്കറികളുമുൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് പ്രാധാന്യം നൽകുന്നതിന് പ്രത്യേക പദ്ധതികൾ സർക്കാർ ആവിഷ്കരിക്കും. ഇതിനുവേണ്ടി നിലവിലുള്ള 50 കാർഷിക ഉത്പാദക സംഘങ്ങളെ ശക്തിപ്പെടുത്തുകയും 50 പുതിയ കാർഷികസംഘങ്ങൾ കൂടെ രൂപീകരിക്കുകയും ചെയ്യും. കയറ്റുമതി പ്രോത്സാഹിപ്പിക്കുമ്പോൾ അത് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും കാർഷിക ഉൽപന്നങ്ങളുടെ ഉൽപന്ന മൂല്യവർദ്ധനവിന്റെ തോത് വർധിപ്പിക്കാനും സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. ഇതിനായി ഒരു മന്ത്രിസഭാ ഉപസമിതി ഉടൻ രൂപീകരിക്കും.
കശുവണ്ടി, തേയില, കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്തിരുന്നത്. ഇവയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കയറ്റുമതി രംഗത്ത് പഴങ്ങളുടെയും പച്ചക്കറികളുടെയും വമ്പൻ വിപണന സാധ്യതയും സർക്കാർ മുന്നിൽ കാണുന്നു. കഴിഞ്ഞ സർക്കാർ കേരളത്തിൽ നിന്നും നാടൻ നേന്ത്രപ്പഴം യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചപ്പോൾ നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
സ്വകാര്യ കമ്പനികൾ പലതും വിദേശരാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നും വാഴപ്പഴം ഉൾപ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചത്. തുടർന്ന് 'തളിർ' എന്ന ബ്രാന്റിൽ, സർക്കാർ കേരളത്തിന്റെ പല ഉൽപ്പന്നങ്ങളും കയറ്റി അയച്ചപ്പോൾ നല്ല പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.
കാർഷിക ഉത്പാദക സംഘങ്ങളെ ദേശീയ കാർഷിക വിപണി, ഇ-ബേ പോലുള്ള ഇ-കൊമേഴ്സ് സംവിധാനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതിന് നടപടികൾ തുടരുന്നതായി കേരള കൃഷിവകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ് പറഞ്ഞു. കാർഷിക കയറ്റുമതിയുടെ കാര്യത്തിൽ രാജ്യത്ത് ഒരു സാമ്പത്തിക ശക്തിയായി കേരളം ഉയർന്നുവരുന്നു. കഴിഞ്ഞ 75 വർഷത്തിനിടെ അന്താരാഷ്ട്ര വ്യാപാരത്തിൽ കേരളം കൈവരിച്ച സാമ്പത്തിക പുരോഗതി വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.