ഡിസംബര്‍ 7ന് കൊച്ചി ലെ മെറിഡിയനില്‍ നടന്ന ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ഇന്‍ഫ്ളുവന്‍സേഴ്സുമാരുടെ പാനല്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന ചോദ്യമിതായിരുന്നു. ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് പകരക്കാരാകുമോ എ.ഐ.? ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖ ഇന്‍ഫ്ളുവന്‍സറും നടിയുമായ പേളിമാണി തമാശയായി പറഞ്ഞത് ''എന്റെ ഈ ചുരുണ്ട മുടി കോപ്പിയടിക്കാന്‍ എ.ഐക്ക് പറ്റുമോടേയ്'' എന്നായിരുന്നു. എന്നാല്‍ ചുരുണ്ട മുടി മാത്രമല്ല എന്തിനും ഏതിനും പകരം വയ്ക്കാനാകുന്ന അവസ്ഥയിലേക്കാണ് എ.ഐയുടെ വളര്‍ച്ച എന്നതാണ് കണക്കുകള്‍ കാണിക്കുന്നത്. അടുത്തിടെ പേയ്ടിഎം സി.ഇ.ഒ വിജയ് ശേഖര്‍ ശര്‍മ പങ്കുവച്ച ട്വീറ്റ് പറയുന്നത് ഒറ്റ പോസ്റ്റിന് 80,000 രൂപ വരെ സ്വന്തമാക്കുന്ന എ.ഐ ഇന്‍ഫ്‌ളുവന്‍സര്‍മാരുണ്ടെന്നാണ്.
ലില്‍ മിക്വില മുതല്‍ കൈറ വരെ
എയ്റ്റ്‌ന ലോപസ് എന്ന എ.ഐ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് 2,43,000 ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. മാസ വരുമാനം 11,000 ഡോളര്‍ (ഏകദേശം 9 ലക്ഷം രൂപ). അടിവസ്ത്ര ബ്രാന്‍ഡായ വിക്ടോറിയാസ് സീക്രട്ട്, ഹെയര്‍കെയര്‍ കമ്പനിയായ അലപ്ലെക്‌സ് എന്നിവയില്‍ നിന്ന് ഒരു പോസ്റ്റിന് 1,000 ഡോളര്‍ (ഏകദേശം 83,000 രൂപ) വരെ നേടുന്നുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്‍ഫ്‌ളുവന്‍സര്‍ വിപണിയിലേക്ക് ആദ്യമെത്തിയ എ.ഐകളിലൊന്നായ ലില്‍ മിക്വില ലക്ഷം ഡോളറിന്റെ കരാറുകളാണ് നേടിയിട്ടുള്ളത്. ഹൈ എന്‍ഡ് ബ്രാന്‍ഡുകളായ പ്രദ,
കാല്‍വന്‍ & ക്ലൈന്‍, ടെക് കമ്പനികളായ സാംസംഗ്, യൂട്യൂബ് എന്നിവയാണ് ക്ലയന്റുകള്‍.
ഇന്ത്യയില്‍ FUTR സ്റ്റുഡിയോ നിര്‍മിച്ച വെര്‍ച്വല്‍ ഇന്‍ഫ്‌ളുവന്‍സറായ കൈറയും ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട് 2,41,000ഓളം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ കൈറയ്ക്കുള്ളത്. ടൈറ്റന്‍, മോറസ് ഗെറാഷസ് ഇന്ത്യ, ഐ.ടി.സി തുടങ്ങി 15ലധികം ബ്രാന്‍ഡുകളുമായി കൈറ പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഫോളോവേഴ്‌സുമായി സംവദിക്കാനാകുന്ന വിധത്തിലേക്ക് കൈറയെ പരിഷ്‌കരിച്ച് വരികയാണ് നിര്‍മാതാക്കള്‍. നിലവില്‍ വിര്‍ച്വല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരില്‍ ലില്‍ മിക്വില മാത്രമാണ് ആളുകളുമായി സംവദിക്കുന്നത്.
ചെലവുകുറവ് കാര്യക്ഷമം
2 ലക്ഷം കോടി രൂപയിലധികം മൂല്യം വരുന്ന ഇന്‍ഫ്‌ളുവന്‍സര്‍ വിപണിയിലേക്കാണ് കമ്പനികള്‍ ഐ.ഐ അധിഷ്ഠിത മോഡലുകള്‍ കൊണ്ടു വരുന്നത്. ചെലവുകുറവും കൂടുതല്‍ കാര്യക്ഷമവുമായ മോഡലുകള്‍ തേടി കമ്പനികള്‍ പോകുമ്പോള്‍ തിരിച്ചടിയാകുന്നത് സാധാരണ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കാണ്.
ഇന്‍ഫ്‌ളുവന്‍സര്‍മാർ ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നതു മൂലമാണ് എ.ഐയെ കളത്തിലിറക്കാന്‍ തീരുമാനിച്ചതെന്ന് ലോപെസ് എ.ഐ ഇന്‍ഫ്‌ളുവന്‍സറെ അവതരിപ്പിച്ചതിനു പിന്നിലുള്ള ഏജന്‍സിയായ ദി ക്ലൂലെസിന്റെ സഹസ്ഥാപക ഡയാന ന്യൂനെസ് വെളിപ്പെടുത്തിയിരുന്നു.
എ ആന്‍ഡ് എം ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഐ.ഐ ഇന്‍ഫ്‌ളുവന്‍സറായ കുകിയെ (Kuki) വച്ച് ചെയ്ത പരസ്യം സാധാരണ പരസ്യങ്ങളെ അപേക്ഷിച്ച് മടങ്ങ് ആളുകളിലേക്കാണ് സോഷ്യല്‍ മീഡിയ വഴി എത്തിയതെന്ന് കണ്ടെത്തിയിരുന്നു. ആളുകളിലേക്കെത്താനുള്ള ചെലവില്‍ 91 ശതമാനത്തോളം കുറവാണ് ഇതു മൂലമുണ്ടായതെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ട പേയ്ടിഎം ആവര്‍ത്തന സ്വഭാവമുള്ള ജോലികളില്‍ എ.ഐ അധിഷ്ഠിത ഓട്ടോമേഷന്‍ കൊണ്ടുവന്ന് കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കുമെന്നും പറഞ്ഞിരുന്നു. ഓപ്പറേഷന്‍സ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ ജീവനക്കാരുടെ ചെലവ് 10-15 ശതമാനത്തോളം കുറയ്ക്കാനാണ് പേയ്ടിഎം ലക്ഷ്യമിടുന്നത്.
കേരളത്തില്‍ നിന്നുള്ള കമ്പനികളും എ.ഐ ബ്രാന്‍ഡ് അംബാസിഡര്‍മാരെയും മോഡലുകളെയുമൊക്കെ അവതരിപ്പിക്കുന്നുണ്ട്. എ.ഐയുടെ വിപുലമായ സാധ്യതകളിലേക്ക് കൂടിയാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.
എ.ഐ ഇന്‍ഫ്‌ളുവന്‍സര്‍
ഗ്രാഫിക് ഡിസൈനില്‍ തീര്‍ക്കുന്ന വെറും മനുഷ്യ രൂപമല്ല എ.ഐ ഇന്‍ഫ്ളുവന്‍സര്‍മാര്‍. വളരെ ശ്രദ്ധയോടെ വികസിപ്പിക്കുന്ന കംപ്യൂട്ടര്‍ ക്രീയേഷനാണ്. ചരിത്രവും വ്യക്തിത്വവും വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്ത സെന്‍സ് ഓഫ് സ്‌റ്റൈലുമൊക്കെയുള്ള സൃഷ്ടിയാണ്. ചുണ്ടിന്റെയും മുഖത്തിന്റെയും ചലനങ്ങളിലൂടെ മനുഷ്യര്‍ക്ക് സമാനമായ രീതിയില്‍ എത്തുന്ന എ.ഐകള്‍ വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധനേടുന്നത്.