

ബാങ്കിംഗ് മേഖലയില്‍ ജോലി സ്വപ്നം കണ്ടിരിക്കുന്നവര്‍ക്ക് വെല്ലുവിളിയായി പുതിയ കണക്കുകള്‍. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ നിയമനങ്ങളുടെ വേഗത കുറയ്ക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ഓട്ടോമേഷന്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയുടെ കടന്നുകയറ്റത്തോടെ മനുഷ്യവിഭവശേഷിയുടെ ആവശ്യകത കുറയുന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
രാജ്യത്തെ വന്‍കിട ബാങ്കുകളുടെ ജീവനക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ മാറ്റമാണ് പ്രകടമാകുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 89,115 ജീവനക്കാരെ നിയമിച്ചിടത്ത്, 2024-25-ല്‍ ഇത് 49,713 ആയി കുറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ബാങ്ക് 5,000 ജീവനക്കാരെ മാത്രമാണ് പുതുതായി ചേര്‍ത്തത്.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മൊത്തം ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2024-25-ല്‍ 6,723 ജീവനക്കാരുടെ കുറവാണ് രേഖപ്പെടുത്തിയത്.
ആക്‌സിസ് ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നിയമനങ്ങള്‍ മുന്‍വര്‍ഷത്തെ 40,724-ല്‍ നിന്ന് 31,674 ആയി കുറഞ്ഞു.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കഴിഞ്ഞ ഡിസംബറിലെ കണക്കുകള്‍ പ്രകാരം ജീവനക്കാരുടെ എണ്ണം 1.14 ലക്ഷത്തില്‍ നിന്ന് 1.12 ലക്ഷമായി കുറഞ്ഞു.
പൊതുമേഖലാ ഭീമനായ എസ്.ബി.ഐയുടെ നിയമനങ്ങളിലും വലിയ ഇടിവുണ്ട്. 2023-24-ല്‍ 10,661 നിയമനങ്ങള്‍ നടന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഇത് വെറും 1,770 മാത്രമായിരുന്നു.
ബാങ്കിംഗ് ജോലികള്‍ ഇന്ന് പഴയതുപോലെയല്ല. പല സാങ്കേതിക വിദ്യകളും വന്‍തോതില്‍ മനുഷ്യപ്രയത്‌നം ലാഭിക്കാന്‍ ബാങ്കുകളെ സഹായിക്കുന്നുണ്ട്. വായ്പകള്‍ അനുവദിക്കുന്ന പ്രക്രിയ മെഷീനുകള്‍ വേഗത്തില്‍ ചെയ്യുന്നു.
കസ്റ്റമര്‍ സര്‍വീസിനായി വലിയ ടീമുകള്‍ക്ക് പകരം എ.ഐ ചാറ്റ് ബോട്ടുകള്‍ പോലുള്ള എ.ഐ ടൂളുകള്‍ ഉപയോഗിക്കുന്നു. അക്കൗണ്ട് തുടങ്ങുന്നതും കെവൈസി (KYC) നടപടികളും ഡിജിറ്റലായതോടെ ഫ്രണ്ട് ഓഫീസ് ജോലികളും കുറഞ്ഞു.
കൗതുകകരമായ വസ്തുത, ബാങ്ക് ശാഖകളുടെ എണ്ണം വര്‍ധിക്കുമ്പോഴും ജീവനക്കാരുടെ എണ്ണത്തില്‍ ആനുപാതികമായ വര്‍ധനയുണ്ടാകുന്നില്ല എന്നതാണ്. കുറഞ്ഞ ജീവനക്കാരെ വെച്ച് കൂടുതല്‍ ശാഖകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാങ്കേതിക വിദ്യ ബാങ്കുകളെ സഹായിക്കുന്നു. ഉദാഹരണത്തിന്, എച്ച്.ഡി.എഫ്.സി ബാങ്ക് കഴിഞ്ഞ വര്‍ഷം 717 പുതിയ ശാഖകള്‍ തുറന്നപ്പോഴും പുതിയ നിയമനങ്ങളില്‍ വലിയ കുറവുണ്ടായി.
ബാങ്കിംഗ് മേഖലയില്‍ ഇനി 'മാസ് നിയമനങ്ങള്‍' കുറയാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സാധാരണ ബാങ്കിംഗ് ജോലികള്‍ക്ക് പകരം ടെക്‌നോളജി & ഡാറ്റ അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, റിസ്‌ക് മാനേജ്മെന്റ്, കംപ്ലയന്‍സ് (Compliance) മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നവരെയാകും ബാങ്കുകള്‍ക്ക് ഇനി ആവശ്യം എന്നാണ് വിലയിരുത്തലുകള്‍.
Read DhanamOnline in English
Subscribe to Dhanam Magazine